മൂത്രം, കണ്ണുനീര്‍, ഉമിനീര്‍ തുടങ്ങിയ ജൈവദ്രാവകങ്ങളായിരിക്കും, ഭാവിയുടെ ഊര്‍ജസ്രോതസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്‌ഭുതം തോന്നാറുണ്ടോ? സിംഗപ്പൂരില്‍ ഗവേഷണം നടത്തുന്ന പ്രഫസര്‍ കെ.ബി.ലീയും സഹപ്രവര്‍ത്തകരും മനുഷ്യന്റെ മൂത്രം ഉപയോഗിച്ച് ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു! അതും ഒരു ക്രെഡിറ്റ് കാര്‍ഡിനെക്കാള്‍ ചെറിയ ഡിസ്‌പോസിബിള്‍ ബാറ്ററികള്‍. എളുപ്പം ജൈവവിഘടന വിധേയമാവുന്ന ഈ പേപ്പര്‍ ബാറ്ററികള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പേടിയും വേണ്ട. ചെലവും ഇല്ല.
പുതിയ പേപ്പര്‍ ബാറ്ററിയുടെ നിര്‍മാണവും വളരെ ലളിതം. പേപ്പര്‍ ആദ്യം കോപ്പര്‍ ക്ലോറൈഡ്
ലായനിയില്‍ മുക്കിയെടുത്തത്തിനുശേഷം മഗ്നീഷ്യത്തിന്റെയും കോപ്പറിന്റെയും സ്‌ട്രിപ്പുകള്‍ക്കിടയില്‍ വയ്‌ക്കണം. ഈ സാന്‍ഡ് വിച്ച് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകളുപയോഗിച്ച് 120 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ലാമിനേറ്റു ചെയ്‌തെടുക്കുന്നതോടെ ബാറ്ററി റെഡി! ഇതിന്റെ കനമാവട്ടെ വെറും ഒരു മില്ലിമീറ്റര്‍
മാത്രവും. ബാറ്ററിയുടെ ഉപരിതലത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ വിടവിലൂടെ ഒരു തുള്ളി മൂത്രം പേപ്പറിലൂടെ വീഴ്‌ത്തണം. അപ്പോള്‍ ബാറ്ററിക്കുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തങ്ങളുടെ ഫലമായി വൈദ്യുതിയുണ്ടാവും. മൂത്രത്തിലടങ്ങിയിരിക്കുന്ന പലതരം അയോണുകള്‍ (ചാര്‍ജുള്ള ആറ്റങ്ങള്‍) ആണ് രാസപ്രവര്‍ത്തനം നടത്തുന്നത്. 0.2 മില്ലിലിറ്റര്‍ മൂത്രമുപയോഗിച്ച് 1.5 വോള്‍ട്ട് വൈദ്യുതിയുണ്ടാക്കാന്‍ ലീക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചു. ഇതിന്റെ കാര്യക്ഷമത ഇനിയും വര്‍ധിപ്പിക്കാനുള്ള
ഗവേഷണങ്ങളിലാണ് ശാസ്‌ത്രജ്ഞര്‍. ഇപ്പോള്‍ ഈ പേപ്പര്‍ ബാറ്ററികള്‍ പ്രധാനമായും ഉപയോഗപ്പെടുത്താന്‍ കഴിയുക ബയോമെഡിക്കല്‍ ഉപകരണങ്ങളിലാണെങ്കിലും ഭാവിയില്‍ ഊര്‍ജപ്രതിസന്ധിക്കു നല്ലൊരു പരിഹാരമാവുക ഈ ബാറ്ററികളാവുമെന്നാണ് ശാസ്‌ത്രജ്ഞരുടെ പ്രവചനം. വിവിധ രോഗനിര്‍ണയത്തിനുള്ള ബയോചിപ്പുകളും ഡിസ്‌പോസിബിള്‍ ടെസ്റ്റ് കിറ്റുകളിലും ഊര്‍ജസ്രോതസ്സായി പേപ്പര്‍ ബാറ്ററികള്‍ ഉപയോഗിക്കാം. ഇതു വ്യാപകമാവുന്നതോടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ലിഥിയം കാഡ്‌മിയം ബാറ്റററികളെ ഒഴിവാക്കുകയും ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ് വലുപ്പത്തിലുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ ഒറു കുഞ്ഞുസെല്‍ഫോണും ഉമിനീരില്‍ നിന്നു വൈദ്യുതി
ഉത്‌പാദിപ്പികക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററിയും ഘടിപ്പിച്ചാലെങ്ങനെയിരിക്കും? അത്യാവശ്യഘട്ടങ്ങളില്‍ ഉമിനൂരു കൊണ്ടു പേപ്പര്‍ നനച്ച് സെല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം! ിയര്‍പ്പില്‍ നിന്നും കണ്ണുനീരില്‍ നിന്നുമൊക്കെ വൈദ്യുതിയുത്‌പാദിപ്പിക്കുന്ന ബാറ്ററികളും രംഗപ്രവേശം ചെയ്‌തുകൂടെന്നില്ല. ഇങ്ങനെ നൂറു നൂറു സാധ്യതകളാണു പുതിയ കണ്ടുപിടിത്തം ശാസ്‌ത്രത്തിനു മുന്നില്‍ തുറന്നിടുന്നത്. പേപ്പര്‍ ബാറ്ററികളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പും എംപി 3 പ്ലെയറും െലിവിഷനും കാറുമൊക്കെ അധികം വൈകാതെ യാഥാര്‍ഥ്യമാവും. പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ അതിവേഗം തീരുകയും ലോകം കടുത്ത ഊര്‍ജപ്രതിസന്ധിയുടെ നിഴലില്‍ അമരുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവദ്രാവകങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്. മനുഷ്യശരീരമെന്ന അദ്‌ഭുത ഫാക്‌ടറി പുറന്തള്ളുന്ന ദ്രാവകങ്ങള്‍ തന്നെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പോവുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം പേപ്പര്‍ ബാറ്ററികളുടെ നിര്‍മാണം വ്യാപകമായാല്‍ മൂത്രത്തിനും ഉമിനീരിനും കണ്ണുനീരിനും വിയര്‍പ്പിനുമൊക്കെ പൊന്നില്‍ വിലയുള്ള കാലമാവും വരാന്‍ പോവുന്നത്.