Tuesday, January 22, 2008

അമ്ല മഴയില്‍ കുതിരുന്ന ഇന്ത്യ


മഴയെ സ്നേഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ മഴയെന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട കാലവും അധികം അകലെയല്ല. ഇന്ത്യയില്‍ മഴവെള്ളത്തില്‍ അമ്ലാംശം കൂടുന്നുവെന്നു പഠന റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യന്റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയാണ്‍ അമ്ലമഴയായി താഴോട്ട് പതിച്ചു ദുരന്തങ്ങള്‍ വിതയ്ക്കുന്നത്.ഇന്ത്യന്‍ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ പഠന റിപ്പോര്‍ട്ടുകളാണ്‍ അപായമണികള്‍ മുഴക്കുന്നത്. മുപ്പത് വര്‍ഷങ്ങളായി ഇന്ത്യയിലെ പത്തു സ്ഥലങ്ങളില്‍ നിന്നുള്ള മഴവെള്ള സാംപിളുകള്‍ നിരന്തരമായി പരിശോധിച്ചാണ്‍ ശാസ്ത്രജ്ഞര്‍ ഈ സത്യം കണ്ടെത്തിയത്. പൂനെയിലും നാഗ്പൂരിലും പെയ്ത മഴവെള്ളത്തിന്റെ പി എച്ച് മൂല്യം അഞ്ചിലും താഴെയായിരുന്നു.വ്യവസായാവല്‍ക്കരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലെത്തിച്ചേരുന്ന നൈട്രജന്‍,സള്‍ഫര്‍ സംയ്ക്തങ്ങളുടെയും അളവ് ഇങ്ങനെ കൂടിയാല്‍ അസിഡിറ്റി കൂടിയ വിഷമഴ നമ്മുടെ മണ്ണിനേയും ജലാശയങ്ങളെയും ജൈവ വൈവിധ്യങ്ങളെയുമൊക്കെ നശിപ്പിക്കും. ജലത്തിന്റെയും മണ്ണിന്റെയും രാസസ്വഭാവം തന്നെ മാറും.ശുദ്ധജലം കണികാണാന്‍ പോലും കിട്ടാതാവും.മനുഷ്യരിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വേറെ. കെട്ടിടങ്ങളെയും അമ്ലമഴ ദോഷകരമായി ബാധിക്കും.താജ്മഹല്‍ തന്നെ ഒരു ഉദാഹരണം

പൂച്ചയ്ക്ക് ഇനി എലി മണികെട്ടും

പൂച്ചയെ ഒട്ടും പേടിയില്ലാത്ത എലികളെക്കുറിച്ചു കേട്ടിട്ടുണ്ടൊ.? ജനിതക എന്‍ജിനീയറിംഗിലൂടെ അത്തരം എലിയെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്‍ ടോക്കിയോ യൂണിവേഴ്സിറ്റി ഗവേഷകര്‍!. പൂച്ചയെ കണ്ടാല്‍ പുല്ലെന്ന മട്ടാണ്‍ ഈ എലിയ്ക്ക്. പൂച്ചക്കഥകളും എലിക്കഥകളുമൊക്കെ ഇനി മാറ്റി എഴുതേണ്ടി വരും.എലി തന്നെ പൂച്ചയ്ക്കു മണി കെട്ടുകയും ചെയ്തേക്കാം.

പൂച്ചയുടെ മണമോ സാന്നിദ്ധ്യമോ അനുഭവപ്പെട്ടാല്‍ ഓടിയൊളിക്കും സാധാരണ എലികള്‍. എന്നാല്‍ പേടിക്കു കാരണമായ ജീന്‍ സ്വിച്ച് ഓഫ് ചെയ്താലോ? kobayakawa യുടെ നേതൃത്വത്തിലുള്ള ടോക്കിയോ യൂണിവേഴ്സിറ്റി സംഘം ചെയ്തതും ഇതു തന്നെ. എലിയുടെ മൂക്കിലെ ചില ഗന്ധകോശങ്ങള്‍ കൂടി നീക്കം ചെയ്തതോടെ എലി തികച്ചും നിര്‍ഭയനായി മാറി! എലി പൂച്ചയുടെ അടുത്തു പോയെന്നു മാത്രമല്ല, പൂച്ചയുടെ കൂടെ കളിക്കുകയും ചെയ്തു!. ഇനി ഒന്നിനേയും പേടിയില്ലാത്ത എലീകളെക്കൂടി സൃഷ്ടിച്ചു വിട്ടാലുള്ള അവസ്ഥ ഒന്നാലോച്ചു നോക്കൂ. സസ്തനികളിലെ പല സ്വഭാവ വിശേഷങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്‍ പുതിയ കണ്ടെത്തല്‍. ഭയമെന്ന വികാരം ജനിതകപരമായി നിര്‍ണയിക്കപ്പെടുന്നതാണെന്നും ആര്‍ജിതമല്ലെന്നുമാണു ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ നിഗമനം. പല മുന്‍ ധാരണകളും തിരുത്തപ്പെടുകയാണ്. ന്യൂ ജഴ്സിയിലുള്ള ദ് ടഗേഴ്സ് യൂണിവേഴ്സിറ്റി ഗവേഷകനായ ഡോ.ഗ്ലെബ് ഷും യാത്സ്കിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം 2005 ല്‍ പേടിക്കു നിദാനമായ ജീന്‍ കണ്ടെത്തുകയും എലിയുടെ തലച്ചോറില്‍ നിന്ന് ആ ജീന്‍ നീക്കം ചെയ്യുകയും ചെയ്തു പേടിയില്ലാത്ത എലികളെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പേടിയില്ലാത്ത എലികള്‍, നാളെ ആരെയും ഒന്നിനെയും പേടിയില്ലാത്ത മനുഷ്യരെയായിരിക്കും ജനിതക എന്‍ജിനീയറിംഗ് പടച്ചു വിടുക. പേടിയില്ലാക്കാലത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെടുമ്പോള്‍ അവിടെ അമ്പരപ്പും കൌതുകവും ആശങ്കയുമൊക്കെ കൂടിക്കുഴയുന്നു.

Sunday, January 20, 2008

ആമുഖം

ബ്ലോഗിങ്ങിലേക്ക് കടക്കുന്നു. ഒരാഴ്ച്ക്കുള്ളില്‍ പോസ്റ്റിംഗ് തുടങ്ങാം