Sunday, September 18, 2011

ഹരിത രസതന്ത്രം -പുസ്തക പരിചയം


മാതൃഭൂമി നഗരം സപ്ലിമെന്റില്‍ ബിജു സി പി എഴുതിയ പുസ്തകപരിചയം
------

ശാസ്‌ത്രവിഷയങ്ങള്‍ മലയാളത്തില്‍ വിവരിക്കുന്ന പുസ്‌തകങ്ങള്‍ തീരെക്കുറവാണ്‌ ഇപ്പോഴും. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും റാദുഗ പബ്ലിക്കേഷന്‍സിന്റെയുമൊക്കെ ചില പുസ്‌തകങ്ങള്‍ക്കപ്പുറം നല്ല ശാസ്‌ത്രസാഹിത്യം മലയാളത്തില്‍ കാര്യമായൊന്നും ഉണ്ടായിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മിക്ക ശാസ്‌ത്രപുസ്‌തകങ്ങളും വായനക്കാരെ പേടിപ്പിച്ച്‌ ഓടിക്കുന്നവയായിരുന്നു. ശാസ്‌ത്രം മലയാളത്തിലെഴുതുന്ന എഴുത്തുകാരാകട്ടെ വിരലിലെണ്ണാന്‍ മാത്രമേയുള്ളൂ. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളിലും രാഷ്ട്രീയവും സാഹിത്യവും സാംസ്കാരികവുമായ കാര്യങ്ങളല്ലാതെ ശാസ്‌ത്രം കടന്നു വരുന്നത്‌ നന്നേ കുറവാണ്‌. അതുകൊണ്ടു തന്നെ ശാസ്‌ത്രത്തിന്റെ മേഖലയിലുണ്ടാകുന്ന പുതുപ്രവണതകളെക്കുറിച്ചറിയാന്‍ മലയാള വായനക്കാര്‍ക്ക്‌ അത്രയെളുപ്പം കഴിയാറില്ല. ആളുകളധികം നടക്കാത്ത ഈ എഴുത്തുവഴിയിലൂടെയാണ്‌ സീമ ശ്രീലയം മുന്നേറുന്നത്‌. നല്ല മലയാളത്തില്‍ ശാസ്‌ത്രപുസ്‌തകങ്ങള്‍ രചിക്കുന്ന എഴുത്തുകാരിയുടെ പുതിയ കൃതിയാണ്‌ ഹരിതരസതന്ത്രം.

കെമിക്കല്‍ എന്നു പറഞ്ഞാല്‍ത്തന്നെ വിഷസ്വഭാവം നിറഞ്ഞത്‌ എന്ന ബോധ്യമാണല്ലോ നമുക്കുണ്ടാവുക. ആ ചീത്തപ്പേരില്‍ നിന്നു രക്ഷനേടാനുള്ള ശ്രമങ്ങളിലാണ്‌ കെമിസ്‌ട്രി ഇന്ന്‌. രസതന്ത്രവും പരിസ്ഥിതി സൗഹൃദമായിക്കൊണ്ടിരിക്കുന്നു. കെമിസ്‌ട്രി പരിസ്ഥിതിസൗഹൃദമാകുന്നത്‌ എങ്ങനെയൊക്കെ എന്നും ആ രംഗത്തെ മുന്നേറ്റങ്ങള്‍ എന്തൊക്കെ എന്നും ലളിതമായി വിവരിക്കകുയാണ്‌ പുസ്‌തകത്തില്‍. ഹരിതരസതന്ത്രം എന്ന ആശയത്തെയും അതിന്റെ പ്രസക്തിയെയും കുറിച്ചു വിവരിക്കുന്നതാണ്‌ ആദ്യ അധ്യായം. പരിസ്ഥിതിസൗഹൃദ രസതന്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും നിര്‍ദേശങ്ങളും സാധ്യതകളും ചുരുക്കി വിവരിക്കുന്നു. ഈ മേഖലയില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രജ്ഞന്മാരെക്കുറിച്ചുള്ള സൂചനകളും അവരുടെ ചിത്രങ്ങളും സമവാക്യങ്ങളും തന്മാത്രഘടനകളുടെ ചിത്രങ്ങളുമെല്ലാം വേണ്ടത്രയുള്ളതിനാല്‍ ആദ്യ കാഴ്‌ചയില്‍ത്തന്നെ പുസ്‌തകത്തിന്‌ ഒരു ചടുലതയുണ്ട്‌.

അടിസ്ഥാന വിവരങ്ങള്‍ക്കു ശേഷമുള്ള അധ്യായങ്ങളിലെല്ലാം തന്നെ വിവരിക്കുന്നത്‌ ഹരിതരസതന്ത്രത്തിലെ വ്യത്യസ്‌ത മുന്നേറ്റങ്ങളാണ്‌. ക്ലോറോഫ്‌ളൂറോ കാര്‍ബണിനു പകരം നില്‍ക്കുന്ന സൂപ്പര്‍ ക്രിട്ടിക്കല്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌, സൂപ്പര്‍ ലായകങ്ങള്‍, തുടങ്ങിയവയെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും പറയുന്നു. പരിസ്ഥിതിസൗഹൃദപരമായ ആസിഡുകള്‍,വ്യാവസായിക ഉത്‌പാദന വസ്‌തുക്കള്‍ തുടങ്ങിയവയെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വിസ്‌മയകരമായ പുതിയ നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യതകള്‍, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്താനുള്ള വഴികള്‍, ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗങ്ങള്‍, ജൈവപ്ലാസ്റ്റിക്കിന്റെയും ജൈവ ഇന്ധനങ്ങളുടെയും വരവ്‌, ഔഷധനിര്‍മാണത്തിനുള്ള ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ രീതികള്‍, രിത കീടനാശിനികളും ഹരിതവളങ്ങള്‍ തുടങ്ങി പരിസ്ഥിതിക സൗഹൃദരസതന്ത്രത്തിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളുടെ പട്ടിക നിരത്തുന്നുണ്ട്‌ പുസ്‌തകം. ഹരിതരസതന്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ഗ്രീന്‍ കെമിസ്‌ട്രി ചലഞ്ച്‌ അവാര്‍ഡു ജേതാക്കളുടെ പട്ടിക, തുടങ്ങിയവ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. പുതിയൊരു തലത്തിലേക്കു വളരുന്ന രസതന്ത്രത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കുന്നതാണ്‌ പുസ്‌തകം.

Saturday, August 13, 2011

ഹെന്‍‌റി കാവന്‍‌ഡിഷ്

കോടീശ്വരന്‍ . പക്ഷെ നടപ്പിലും എടുപ്പിലും സാധാരണക്കാരിലും സാധാരണക്കാരന്‍ . നാട്ടിലെ പ്രധാന സ്ഥലമായ സോഫോ സ്‌ക്വയറില്‍ ഇരുന്ന് തനിയെ പിറുപിറുക്കുന്നത് കാണാം. നടക്കുമ്പോള്‍ എതിരെ സ്‌ത്രീകള്‍ ആരെങ്കിലും വന്നാല്‍ മുഖം താഴ്ത്തി വഴിമാറി നടക്കും ! ആരോടെങ്കിലും നന്നായി സംസാരിക്കുന്നത് തന്നെ അപൂര്‍വം . അരക്കിറുക്കനായ ഏകാകി - അങ്ങനെയാണ് നാട്ടുകാരില്‍ പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ആരാണിയാള്‍ എന്ന് കൂട്ടുകാര്‍ക്ക് വല്ല പിടിയും കിട്ടിയോ ? ലോകം കണ്ട മഹാനായ ശാസ്‌ത്രജ്ഞരിലൊരാളായ ഹെന്‍‌റി കാവന്‍‌ഡിഷ്

ശരിക്കും വ്യത്യസ്‌തനായ ഒരു ശാസ്ത്രജ്ഞനായിരുന്നു കാവന്‍ഡിഷ്. സാധാരണ ആരെങ്കിലും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയാല്‍ എന്താണ് ചെയ്യുക ? ഉടന്‍ ലോകത്തോട് വിളിച്ച് പറയും. ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച് പേരെടുക്കും അല്ലേ ? എന്നാല്‍ കാവന്‍ഡിഷ് ഇതൊന്നും ചെയ്തില്ല. പാവത്തിന്റെ പല കണ്ടെത്തലുകളും പുറം ലോകം അറിഞ്ഞതു പോലുമില്ല. ഏതെങ്കിലുമൊരു വേദിയില്‍ സംസാരിക്കുന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. മറ്റൊരു വിശേഷണം കൂടി സ്വന്തമാക്കിയിരുന്നു , അതെന്താണന്നോ ? പണ്ഡിതന്മാരിലെ ധന‌വാന്‍ : ധനവാന്മാരിലെ പണ്ഡിതന്‍ !

1731 ഒക്‍ടോബര്‍ 10 ന് ഫ്രാന്‍സിലെ ഒരു ധനിക കുടുംബത്തില്‍ ചാള്‍സ് കാവന്‍‌ഡിഷിന്റെ മകനായി ആണ് ഹെന്‍‌റി ജനിച്ചത്.മകനെ വീട്ടിലിരുത്തിയാണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. വളര്‍ന്നപ്പോള്‍ ഉപരിപഠനത്തിനായി കേം‌ബ്രിഡ്‌ജില്‍ ചേര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയില്ല. വാചാ പരീക്ഷയോടുള്ള പേടിയായിരുന്നത്രേ പഠിത്തം ഉപേക്ഷിക്കാനുള്ള കാര്‍ണം ! എതായാലും പിന്നീട് ഇംഗ്ലണ്ടില്‍ തന്നെ സ്ഥിര താമസമാക്കി അദ്ദേഹം .

ഒരു ദിവസം സള്‍‌ഫ്യൂരിക്കാസിഡും സിങ്കും ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു ഹെന്‍‌റി കാവന്‍ഡിഷ്. ടെസ്റ്റ് ട്യൂബില്‍ എടുത്ത സള്‍ഫ്യൂരിക്ക് ആസിഡിലേക്ക് സിങ്ക് ചേര്‍ത്തപ്പോഴല്ലേ രസം. അതാ ഒരു വാതകം പുറത്തേക്ക് വരുന്നു. തീപ്പെട്ടിക്കൊള്ളി ഉരച്ച് കാണിച്ചപ്പോള്‍ ആ വാതകം അതാ കത്തുന്നു. തീപിടിക്കുന്ന പുതിയ വാതകത്തെ കണ്ടുപിടിച്ച കാവന്‍ഡിഷ് പെട്ടെന്ന് പ്രശസ്‌തനായി. എന്നാല്‍ ഈ അത്ഭുത വാതകത്തിന് പേരിട്ടത് കാവന്‍‌ഡിഷ് അല്ല കേട്ടോ. ലാവോസിയെ ആണ് ഈ വാതകത്തിന് പേരിട്ടത്. അതെന്താണന്നോ ? ഹൈഡ്രജന്‍

ഏതൊക്കെയാണ് ജലത്തില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ? ഏറെ നാള്‍ ശാസ്‌ത്രജ്ഞരെ കുഴക്കിയ ചോദ്യമാണിത് . ഹൈഡ്രജനും ഓക്‍സിജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നത് എന്ന ഒരു ഊഹം കാവന്‍‌ഡിഷിനുണ്ടായിരുന്നു. എന്നാലിത് കേട്ടവര്‍ കേട്ടവര്‍ ചിരിച്ച് തള്ളി. കത്തുന്ന വാതകമായ ഹൈഡ്രജനും പ്രാണവായുവായ ഓക്‍സിജനും ചേര്‍ന്ന് തീ കെടുത്താന്‍ കഴിവുള്ള ജലമുണ്ടാവുമത്രേ ! അസംബന്ധം ! ഈ മട്ടിലായിരുന്നു ആള്‍ക്കാരുടെ പ്രതീകരണം. ആഹാ , ഇതെങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ. തെളിയിച്ചിട്ടു തന്നെ കാര്യം എന്നു കാവന്‍‌ഡിഷ് തീരുമാനിച്ചു. അദ്ദേഹം എന്തു ചെയ്‌തെന്നോ ? ഗോളാകൃതിയുള്ള ഒരു ചെറിയ സ്ഫടിക പാത്രമെടുത്ത് അതിലെ വായു പൂര്‍ണമായും നീക്കം ചെയ്‌തു . ഇതില്‍ ഓക്‍സിജനും താന്‍ കണ്ടുപിടിച്ച പുതിയ കത്തുന്ന വാതകവും നിറച്ച ശേഷം പാത്രം നന്നായി അടച്ചു. അതിനുള്ളിലെ വാതക മിശ്രിതം കത്തിച്ചു. അപ്പോഴെന്തു സംഭവിച്ചെന്നോ ? സ്ഫടിക പാത്രത്തിനുള്ളില്‍ ഒരു പൊട്ടിത്തെറിയാണുണ്ടായത് . പിന്നെ നോക്കിയപ്പോഴല്ലേ അത്ഭുതം. സ്ഫടിക പാത്രത്തിനുള്ളിലതാ ചെറിയ വെള്ളത്തുള്ളികള്‍ രൂപം കൊണ്ടിരിക്കുന്നു. അതോടെ വിമര്‍ശകരുടെ വായടഞ്ഞു. ഇവിടം കൊണ്ടും തീര്‍ന്നില്ല കാവന്‍‌ഡിഷിന്റെ ജലപരീക്ഷണം . രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‍സിജന്‍ ആറ്റവും ചേര്‍ന്നാണ് ജലമുണ്ടാകുന്നത് എന്ന് അദ്ദേഹം തെളിയിച്ചു.

ഭാഗ്യത്തിന് റോയല്‍ സൊസൈറ്റിയുമായി ബന്ധമുണ്ടായിരുന്നു കാവന്‍‌ഡിഷിന്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഇത്തരം ചില കണ്ടുപിടുത്തങ്ങളും ലോകമറിഞ്ഞു . തന്റെ സമ്പാദ്യം പരീക്ഷണ ഉപകരണങ്ങള്‍ ,പുസ്തകം എന്നിവ വാങ്ങാനാണ് ഹെന്‍‌റി കാവന്‍ഡിഷ് പ്രധാനമായും വിനിയോഗിച്ചത്. തന്റെ കൊട്ടാരം പോലെയുള്ള വീട്ടിലേക്ക് സഹായം ചോദിച്ച് വരുന്നവരെ സഹായിക്കാനും ഇദ്ദേഹം മറന്നില്ല. നിഷ്‌ക്രീയ വാതകമായ ആര്‍ഗണിന്റെ കണ്ടുപിടുത്തത്തിനരികെ വരെ എത്തിയതായിരുന്നു കാവന്‍ഡിഷ്, നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ ഒരു നൂറ്റാണ്ടിന് ശേഷം ആണ് ആ വാതകം കണ്ടുപിടിക്കപ്പെട്ടത്. വായുവിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഓക്‍സിജനും നൈട്രജനും തമ്മില്‍ പ്രവര്‍ത്തിച്ച് നൈട്രിക്ക് ഓക്‍സൈഡ് ഉണ്ടാകുമെന്നും അത് ജലത്തില്‍ ലയിപ്പിക്കുമ്പോള്‍ നൈട്രിക്ക് ആസിഡ് ആകുമെന്നും അദ്ദേഹം കണ്ടെത്തി . എന്നാല്‍ ഈ പരീക്ഷണത്തിനിടയില്‍ ഒരു കാര്യം കാവന്‍ഡിഷ് ശ്രദ്ധിച്ചു. പരീക്ഷണത്തിനുപയോഗിച്ച വായുവിലെ നൈട്രജന്‍ മുഴുവന്‍ ഓക്‍സിജനുമായി പ്രവര്‍ത്തിച്ച ശേഷവും അതില്‍ അല്‍‌പം വാതകം അവശേഷിക്കുന്നു. അപ്പോള്‍ വായുവിലെ മറ്റേതോ ഒരു വാതകം ആയിരിക്കുമല്ലോ അത്. എന്നാല്‍ അക്കാലത്തെ ശാസ്‌ത്രജ്ഞരൊന്നും ആ കണ്ടുപിടുത്തത്തെ അംഗീകരിച്ചില്ല. പിന്നീട് ഒരു നൂറ്റാണ്ടിന് ശേഷം വില്യം റാം‌സേ എന്ന ശാസ്‌ത്രജ്ഞനാണ് ഹെന്‍‌റി കാവന്‍ഡിഷിന് പിടി കൊടുക്കാതെ പോയ ആര്‍ഗണ്‍ എന്ന ആ വാതകത്തെ കണ്ടു പിടിച്ചത്.

രസതന്ത്രത്തില്‍ മാത്രമല്ല ഭൌതികശാസ്‌ത്രത്തിലും ഗണിതത്തിലും താത്പര്യമുണ്ടായിരുന്ന ഇദ്ദേഹത്തിന് ഗുരുത്വ സ്ഥിരാങ്കത്തിന്റെ മൂല്യം കൃത്യമായി നിര്‍ണയിക്കാനും സാധിച്ചു. എന്തിനധികം ഭൂമിയുടെ ദ്രവ്യമാനവും ഘനത്വവും വരെ നിര്‍ണയിച്ചു. വൈദ്യുതിയെ കുറിച്ചും താപത്തെ കുറിച്ചും അദ്ദേഹം നിരവധി പഠനങ്ങള്‍ നടത്തി 1810 ല്‍ തികച്ചും വ്യത്യസ്ഥമായ പാതകളിലൂടെ സഞ്ചരിച്ച ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്കായി കേംബ്രി‌ജ് സര്‍വകലാശാലയില്‍ പ്രശസ്‌തമായ ഒരു പരിക്ഷണശാല ഉണ്ട്, അതാണ് കാവന്‍ഡിഷ് ലാബോറട്ടറി.