Friday, April 26, 2013

വസന്തങ്ങള്‍ വീണ്ടും മൂകമാവുമ്പോള്‍

“silent spring is now a noisy summer”1962 ജൂലൈ 22 ന് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ വന്ന ഈ വാര്‍ത്ത വന്‍ ജനശ്രദ്ധ പിടിച്ചുപറ്റി. ന്യൂയോര്‍ക്കറില്‍ റേച്ചല്‍ കാഴ്സണ്‍ പരമ്പരയായി പ്രസിദ്ധീകരിച്ച സൈലന്റ് സ്പ്രിങ് (നിശ്ശബ്ദ വസന്തം) പുതിയ സംവാദങ്ങള്‍ക്ക് നാന്ദി കുറിച്ചതിന്റെ സൂചനയായിരുന്നു അത്. രാസകീടനാശിനികള്‍ വിതയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ലോകത്തിനു മുന്നറിയിപ്പു നല്‍കി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയൊരു ദിശാബോധം നല്‍കിയ റേച്ചല്‍ കാഴ്സന്റെ നാല്പത്തിയൊന്‍പതാം ചരമവര്‍ഷിക ദിനമാണ് ഈ വരുന്ന ഏപ്രില്‍ 14 ന്. രാസകീടനാശിനികള്‍ ജീവനാശിനികള്‍ തന്നെയാണെന്നു സധൈര്യം ലോകത്തോടു വിളിച്ചു പറഞ്ഞ , രാസവസ്തുക്കളോടുള്ള അന്ധമായ വിധേയത്വം ചോദ്യം ചെയ്ത നിശ്ശബ്ദ വസന്തം എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് 2012 സെപ്റ്റംബര്‍ 27 ന് അര നൂറ്റാണ്ടു തികഞ്ഞു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായതിനാല്‍ പ്രകൃതിയോടുള്ള യുദ്ധം അവനവനോടു തന്നെയാണെന്നും ഭൂമിയിലെ അനന്തവൈവിദ്ധ്യമാര്‍ന്ന ജീവലോകത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍ എന്നും സര്‍വ്വജീവജാലങ്ങള്‍ക്കും വരുംതലമുറകള്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നുമുള്ള സന്ദേശമാണ് റേച്ചല്‍ തന്റെ കൃതികളിലൂടെയും ഒറ്റയാള്‍പ്പോരാട്ടത്തിലൂടെയും നല്‍കിയത്.

പൂക്കളും പൂമ്പാറ്റകളും പുല്ലും ചെടികളും കിളികളും പാടങ്ങളും ജലാശയങ്ങളും പഴത്തോട്ടങ്ങളുമൊക്കെ നിറഞ്ഞ പ്രശാന്തസുന്ദരമായ ഒരു ഗ്രാമം.ഏറെ നാളായി ആ ഗ്രാമം അങ്ങനെ തന്നെയായിരുന്നു. സ്ഥിതിഗതികള്‍ മാറിയതു പെട്ടെന്നാണ്. ചെടികള്‍ വാടിത്തുടങ്ങി. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമൊക്കെ അജ്ഞാത രോഗങ്ങള്‍ ബാധിച്ചു. പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ജലാശയങ്ങളില്‍ മത്സ്യങ്ങളില്ലാതായി. കുഞ്ഞുങ്ങളുടെ കളിചിരികളും കിളികളുടെ കളകൂജനവും പൂക്കളുടെ വിടര്‍ന്ന ചിരിയുമൊക്കെ ആ ഗ്രാമത്തിനന്യമായി.ഇതിന്റെ കാരണമന്വേഷിച്ചു പകച്ച ഗ്രാമീണര്‍ കണ്ടത് അവിടവിടെ മരണദൂതു പോലെ തൂവിക്കിടന്ന ഒരു വെളുത്ത പൊടി മാത്രമായിരുന്നു.നിശ്ശബ്ദ വസന്തത്തിന്റെ ഒന്നാം അദ്ധ്യായമായ Fable for tomorrow യില്‍ നാളേക്കുള്ള ഗുണപാഠമായി ഇങ്ങനെയൊരു സംഭവം വിവരിക്കുന്നുണ്ട് റേച്ചല്‍. രാസകീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗം വസന്തങ്ങള്‍ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കുമെന്ന മുന്നറിയിപ്പാണ് ഇത്. ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ഗ്രാമത്തിന്റെ പകര്‍പ്പുകള്‍ നമുക്കു കാണാം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പ്രകൃതിയെ ചൂഷണം ചെയ്യാനും അമിതലാഭം കൊയ്യാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി രാസവസ്തുക്കള്‍ യാതൊരു വിവേചനവുമില്ലാതെ വാരിവിതറപ്പെടുമെന്നു റേച്ചല്‍ മുന്‍ കൂട്ടി കണ്ടിരുന്നു. രാസവസ്തുക്കളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം എന്നതായിരുന്നു അക്കാലത്ത് കോടികള്‍ കൊയ്യുന്ന പല രാസവസ്തു നിര്‍മ്മാണ കമ്പനികളുടെയും പരസ്യ വാചകം.
റേച്ചല്‍ കാര്‍സണ്‍ അരനൂറ്റാണ്ടിനു മുന്‍പേ പ്രവചിച്ച നിശ്ശബ്ദ വസന്തം ലോകത്തിന്റെ പലഭാഗത്തും പലരൂപത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ നേര്‍ക്കാഴ്ചയാണ് കാസര്‍ക്കോട്ടെ ഒരു പറ്റം അതിര്‍ത്തി ഗ്രാമങ്ങള്‍.എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയാണ് ഇവിടെ മരണമഴയായി പെയ്തിറങ്ങിയത് .തലമുറകളില്‍ നിന്നു തലമുറകളിലേക്ക് നീളുന്ന തീരാദുരിതങ്ങളാണ് ഇതവര്‍ക്ക് സമ്മാനിച്ചത്. ജനിതക വൈകല്ല്യങ്ങള്‍, അംഗവൈകല്ല്യങ്ങള്‍, നാഡീവ്യൂഹത്തകരാറുകള്‍, പ്രത്യുല്പാദന വ്യവസ്ഥയിലെ തകരാറുകള്‍, ബുദ്ധിമാന്ദ്യം, കാന്‍സര്‍ തുടങ്ങിയ തീരാദുരിതങ്ങളുമായി ജീവിതപ്പെരുവഴിയില്‍ പകച്ചു നില്‍ക്കുകയാണ് ഇവിടുത്തെ പാവം മനുഷ്യര്‍. കശുമാവിന്‍ പൂക്കളെ നശിപ്പിക്കുന്ന തേയിലക്കൊതുകുകളെ തുരത്താന്‍ ഇവിടെ ആകാശത്തു നിന്നും വിഷം ചീറ്റിയത് രണ്ടു ദശാബ്ദത്തിലധികം കാലം..അതോടെ മണ്ണും വായുവും ജലവും വിഷമയമായി. ആകാശത്തു നിന്നും വിവേചന രഹിതമായി വിഷം തളിക്കുന്നതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ അമേരിക്കയില്‍ ജിപ്സി ശലഭങ്ങളെയും തീയുറുമ്പുകളെയും തുരത്താന്‍ ആകാശത്തു നിന്നു കീടനാശിനി തളിച്ചപ്പോഴുണ്ടായ പ്രശ്നങ്ങള്‍ ഉദാഹരിച്ചു അര നൂറ്റാണ്ടു മുന്‍പേ വിവരിച്ചിട്ടുണ്ട് റേച്ചല്‍.
1907 മെയ് 27 ന് പെന്‍സില്‍ വാനിയയിലെ സ്പ്രിങ്ഡെയ് ലില്‍ ആണ് റേച്ചല്‍ ജനിച്ചത്. പ്രകൃതിയെയും പുസ്തകങ്ങളെയും കൂട്ടുകാരാക്കിയ ബാല്യം. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ഗൌരവമായി തുടര്‍ന്ന പഠനം ഇതൊക്കെ റേച്ചലിനെ സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തയാക്കി. വിവാഹ മാര്‍ക്കറ്റിലെ സ്റ്റാറ്റസ് സിംബലായി മാത്രം വലിയൊരു ശതമാനം പെണ്‍കുട്ടികളും കോളജ് പഠനത്തെ കണ്ടിരുന്ന കാലത്താണ് സാഹിത്യത്തില്‍ അതീവ തല്പരയായിരുന്ന റേച്ചല്‍ ഇംഗ്ലീഷില്‍ ബിരുദമെടുക്കുക എന്ന ലക്ഷ്യത്തോടെ പെന്‍സില്‍ വാനിയ വനിതാ കോളജില്‍ എത്തുന്നത്. എന്നാല്‍ ഉപരിപഠനത്തിനു റേച്ചല്‍ തെര്‍ഞ്ഞെടുത്തത് ജീവശാസ്ത്രവും മറൈന്‍ ബയോളജിയുമായിരുന്നു. ശാസ്ത്ര പഠനവും ഗവേഷണവുമൊന്നും സ്ത്രീകള്‍ക്കു പറഞ്ഞിട്ടുള്ളതല്ലെന്ന ധാരണ ശക്തമായിരുന്ന കാലത്താണ് ആത്മവിശ്വാസത്തോടെ റേച്ചല്‍ തന്റെ പാത തെരഞ്ഞെടുത്തത്. അനന്ത വിസ്മയങ്ങളെ ഉള്ളില്‍ ഒളിപ്പിക്കുന്ന സാഗരം റേച്ചലിന് എന്നുമൊരു അത്ഭുതമായിരുന്നു.ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെയും വുഡ്സ് ഹോള്‍ പരീക്ഷണ ശാലയിലെയും അനുഭവങ്ങള്‍ റേച്ചലിന്റെ അന്വേഷണ ത്വരയ്ക്കു കരുത്തു പകര്‍ന്നു. പിതാവിന്റെ മരണത്തോടെ കുടുംബഭാരം റേച്ചലിന്റെ ചുമലിലായി. ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനൊടുവില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ശാസ്ത്രജ്ഞയായി. Under the Seawind, The Sea Around Us, The Edge of the Sea എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് റേച്ചല്‍.വസ്തുനിഷ്ഠമായ വിവരണങ്ങളും കാവ്യാത്മകമായ ഭാഷയും റേച്ചലിന്റെ രചനകളുടെ സവിശേഷതയായിരുന്നു. പ്രകൃതിയിലെ സര്‍വ്വജീവജാലങ്ങളോടുമുള്ള ആദരവ് ആ രചനകള്‍ക്ക് ജീവന്‍ പകര്‍ന്നു. ആര്‍.എല്‍. കാര്‍സണ്‍ എന്ന പേരിലാണ് ന്യൂയോര്‍ക്കറിലും മറ്റും അവര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതെല്ലാം എഴുതുന്നത് ഒരു പുരുഷന്‍ ആണെന്നാണ് ഭൂരിഭാഗം വായനക്കാരും കരുതിയിരുന്നത്. ഒരു സ്ത്രീ ഇത്രയും ആധികാരികമായും ആകര്‍ഷകമായും ശാസ്ത്രം എഴുതുമെന്ന് അവര്‍ക്കു സങ്കല്പിക്കാനേ കഴിഞ്ഞിരുന്നില്ല.

1958 ല്‍ ഓള്‍ഗ ഹക്കിന്‍സ് എന്ന വനിത ദ് ഹെറാള്‍ഡ് പത്രത്തിനൊരു കത്തയച്ചു. ഡി.ഡി.റ്റി. തളിച്ച സ്ഥലത്ത് പക്ഷികള്‍ ചത്തുവീഴുന്നതിനെക്കുറിച്ചായിരുന്നു അത്. അങ്ങനെയാണ് രാസകീടനാശിനികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് റേച്ചലിന്റെ സജീവ ശ്രദ്ധ പതിയുന്നത് . നിരന്തരമായ നിരീക്ഷണങ്ങളുടെയും വിവരശേഖരണങ്ങളുടേതും പഠനങ്ങളുടേതുമായിരുന്നു തുടര്‍ന്നുള്ള നാലു വര്‍ഷങ്ങള്‍ അതിനിടെ അമ്മയുടെ മരണവും സ്തനാര്‍ബ്ബുദം തന്റെ ശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യവും ഒന്നും റേച്ചലിന്റെ മനോധൈര്യം കെടുത്തിയില്ല. വമ്പന്‍ കീടനാശിനി നിര്‍മ്മാണ കമ്പനികളോടും സര്‍ക്കാരിന്റെ കീടനാശിനി ,രാസവസ്തു നയങ്ങളോടുമാണ് തന്റെ ഈ ഒറ്റയാള്‍പ്പോരാട്ടമെന്നും നല്ല ബോധ്യമുണ്ടായിരുന്നു അവര്‍ക്ക്. വര്‍ഷങ്ങളോളം നാശമില്ലാതെ മണ്ണില്‍ ചുറ്റിത്തിരിയുന്ന കീടനാശിനികള്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍, അതു സൃഷ്ടിക്കുന്ന അര്‍ബ്ബുദവും ജനിതക വൈകല്ല്യങ്ങളുമടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍, ഭക്ഷ്യ ശൃംഖലയില്‍ കയറിക്കൂടുന്ന കീടനാശിനികളുടെ അപകടകരമാ‍യ സഞ്ചാരം, കീടനാശിനി പ്രയോഗം കാരണം അറ്റു പോവുന്ന ജീവന്റെ കണ്ണികള്‍ ഇതെല്ലാം സുവ്യക്തമായ തെളിവുകള്‍ സഹിതമാ‍ണ് റേച്ചല്‍ അവതരിപ്പിച്ചത് .റേച്ചലിന്റെ ലേഖനങ്ങള്‍ നേടിയ പൊതുജന സമ്മതി കീടനാശിനി ഭീമന്മാരെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു.ഇതെല്ലാം ഒരു സ്ത്രീയുടെ , അതും അവിവാഹിതയായ ഒരു സ്ത്രീയുടെ അടിസ്ഥാന രഹിതമായ ജല്പനങ്ങളാണെന്നും ഭാവനാസൃഷ്ടിയാണെന്നും സ്ഥാപിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുക തന്നെ ചെയ്തു. റേച്ചല്‍ വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നു വാര്‍ത്തകളിലൂടെ യും കാ‍ര്‍ട്ടൂണുകളിലൂടെയും ലഘു ലേഖകളിലൂടെയുമൊക്കെ യുമൊക്കെ സ്ഥാപിക്കാനും പുസ്തകത്തിന്റെ പ്രസിദ്ധീകരണം തന്നെ തടയാനും ശ്രമങ്ങള്‍ നടന്നു. ഏതായാലും 1962 സെപ്റ്റംബര്‍ 27 ന് സൈലന്റ് സ്പ്രിംഗ് പുറത്തിറങ്ങി. ആക്ഷേപങ്ങളിലും പരിഹാസങ്ങളിലും വിമര്‍ശനങ്ങളിലും ഭീഷണികളിലുമൊന്നും റേച്ചല്‍ കാര്‍സണ്‍ കുലുങ്ങിയില്ല. പാരിസ്ഥിതിക ചിന്തകളില്‍ അവര്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. നിശ്ശബ്ദ വസന്തത്തിനു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ സ്വാധീനം മനസ്സിലാക്കിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി നിശ്ശബ്ദ വസന്തത്തിലൂടെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ ഡി.ഡി.റ്റി. നിരോധിക്കപ്പെട്ടു.നവപാരിസ്ഥിതിക ചിന്തകളുടെ തരംഗം സൃഷ്ടിച്ച് നിശ്ശബ്ദ വസന്തം ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായി. ഒരു പരിസ്ഥിതി സംഘടനയുടെയും രാഷ്ടീയ പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോ പാരിസ്ഥിതിക സ്ത്രീവാദമോ സജീവമല്ലാതിരുന്ന കാലത്ത് വ്യവസായവല്‍ക്കര്‍ണത്തിന്റെ മറുവശം പുറത്തുകൊണ്ടുവരാന്‍ തനിച്ചു പോരാടിയ ആ ധീരവനിതയുടെ വിജയം തന്നെയായിരുന്നു അത്. 1964 ഏപ്രില്‍ 14 ന് മേരിലാന്റിലെ സ്വവസതിയില്‍ അമ്പത്തിയാറാം വയസ്സില്‍ ആ മഹതി അന്തരിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു പുതിയ തിരിച്ചറിവുകള്‍ നല്‍കും എന്ന ശുഭാപ്തി വിശ്വാസം റേച്ചല്‍ എന്നും കാത്തുസൂക്ഷിച്ചിരുന്നു. ആല്‍ബര്‍ട്ട് ഷ്വെറ്റ്സര്‍ മെഡലും മരണാനന്തര ബഹുമതിയായി പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഫോര്‍ ഫ്രീഡവും ആ മഹതിയെ തേടിയെത്തി.

വിവിധ രാസവസ്തുക്കളുടെ കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുകയാണു ഭൂമി. ഭ്രൂണാവസ്ഥ തൊട്ടു മരണം വരെ മനുഷ്യന്‍ ഇടപെടേണ്ടി വരുന്ന അപകടകരമായ രാസവസ്തുക്കള്‍ക്കു കൈയ്യും കണക്കുമില്ല.മനുഷ്യ ശരീരത്തിലെ കൊഴുപ്പിലും അന്തസ്രാവ ഗ്രന്ഥികളിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ വരെ അപകടകരമായ തോതില്‍ കീടനാശിനിയുടെ അംശം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കടമ്മനിട്ട പാടിയതു പോലെ കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത് എന്നു വിലപിക്കേണ്ട അവസ്ഥ. ഒരിക്കലും കീടനാശിനി പ്രയോഗിച്ചിട്ടില്ലാത്ത ധ്രുവ പ്രദേശത്തെ പെന്‍ ഗ്വിനിലും നീര്‍നായയിലും വരെ ഡി.ഡി.റ്റി. എത്തി എന്നു പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ രാസകീടനാശിനികളുടെ അപകടകരമായ സഞ്ചാരം. കീടനാശിനിയുടെ അംശം കലരാത്ത കറിവേപ്പില പോലും കണികാണാന്‍ കിട്ടാത്ത ദുരവസ്ഥയിലാണു നമ്മള്‍. ശുദ്ധവായുവും ശുദ്ധജലവും പോലും അത്യപൂര്‍വ്വ വസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കീടങ്ങളെ കൊന്നു വിളവുകൂട്ടി ലാഭം കൊയ്യാന്‍ പലരൂപത്തില്‍, പലപേരുകളില്‍ നാം രാസകീടനാശിനികള്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. വീട്ടില്‍ ഉറുമ്പിനെ കണ്ടാലുടന്‍ ഡി.ഡി.റ്റി യും ചിതലിനെ തുരത്താന്‍ ബി.എച്ച്.സി യും കൈകൊണ്ട് വാരിവിതറുന്നവര്‍ പോലുമുണ്ട് നമ്മുടെ നാട്ടില്‍.പതിനായിരക്കണക്കിനു രാസകീടനാശിനികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. കൃത്രിമമായി സംശ്ലേഷണം ചെയ്തെടുത്ത കാര്‍ബണിക കീടനാശിനികളില്‍ ഓര്‍ഗാനോക്ലോറിനുകളും ഓര്‍ഗാനോഫോസ്ഫേറ്റുകളും കാര്‍ബമേറ്റുകളുമൊക്കെ പെടും.

പരിസ്ഥിതിയില്‍ ഏറെ നാ‍ള്‍ ചുറ്റിത്തിരിയുകയും മനുഷ്യശരീരത്തിലും ഭക്ഷ്യശൃംഖലയിലും കയറിക്കൂടി ജൈവാവര്‍ദ്ധനത്തിന് ഇടയാക്കുകയും ചെയ്യുന്ന ഡി.ഡി.റ്റി. പോലുള്ള അപകടകരമായ കാര്‍ബണിക കീടനാശിനികളുടെ ഉല്പാദനവും ഉപയോഗവും തടയാനും നിയന്ത്രിക്കാനുമായി രൂപം കൊണ്ട രാജ്യാന്തര ഉടമ്പടിയാണ് പോപ്സ് കണ്‍ വെന്‍ഷന്‍. രാസകീടനാശിനികളുടെ അപകടം ഇന്നു ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ജൈവകൃഷി രീതികളും പരിസ്ഥിതി സൌഹൃദ കീടനാശിനികള്‍ വികസിപ്പിച്ചെടുക്കാനുള്ള ഹരിത രസതന്ത്ര രംഗത്തെ ഗവേഷണങ്ങളും ലോകത്തിനു പ്രതീക്ഷയുടെ പച്ചത്തുരുത്തുകളാണ് .ഇതിനു നാം കടപ്പെട്ടിരിക്കുന്നത് റേച്ചല്‍ കാര്‍സണോടു തന്നെ. പാഠങ്ങള്‍ പലതുമുണ്ടു നമുക്കു മുന്നില്‍. എന്നിട്ടും ഒന്നും പഠിച്ചില്ലെങ്കില്‍ അരനൂറ്റാണ്ടിനു മുന്‍പേ റേച്ചല്‍ കാര്‍സണ്‍ പ്രവചിച്ച നിശ്ശബ്ദ വസന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.