Sunday, September 18, 2011

ഹരിത രസതന്ത്രം -പുസ്തക പരിചയം


മാതൃഭൂമി നഗരം സപ്ലിമെന്റില്‍ ബിജു സി പി എഴുതിയ പുസ്തകപരിചയം
------

ശാസ്‌ത്രവിഷയങ്ങള്‍ മലയാളത്തില്‍ വിവരിക്കുന്ന പുസ്‌തകങ്ങള്‍ തീരെക്കുറവാണ്‌ ഇപ്പോഴും. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും റാദുഗ പബ്ലിക്കേഷന്‍സിന്റെയുമൊക്കെ ചില പുസ്‌തകങ്ങള്‍ക്കപ്പുറം നല്ല ശാസ്‌ത്രസാഹിത്യം മലയാളത്തില്‍ കാര്യമായൊന്നും ഉണ്ടായിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മിക്ക ശാസ്‌ത്രപുസ്‌തകങ്ങളും വായനക്കാരെ പേടിപ്പിച്ച്‌ ഓടിക്കുന്നവയായിരുന്നു. ശാസ്‌ത്രം മലയാളത്തിലെഴുതുന്ന എഴുത്തുകാരാകട്ടെ വിരലിലെണ്ണാന്‍ മാത്രമേയുള്ളൂ. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളിലും രാഷ്ട്രീയവും സാഹിത്യവും സാംസ്കാരികവുമായ കാര്യങ്ങളല്ലാതെ ശാസ്‌ത്രം കടന്നു വരുന്നത്‌ നന്നേ കുറവാണ്‌. അതുകൊണ്ടു തന്നെ ശാസ്‌ത്രത്തിന്റെ മേഖലയിലുണ്ടാകുന്ന പുതുപ്രവണതകളെക്കുറിച്ചറിയാന്‍ മലയാള വായനക്കാര്‍ക്ക്‌ അത്രയെളുപ്പം കഴിയാറില്ല. ആളുകളധികം നടക്കാത്ത ഈ എഴുത്തുവഴിയിലൂടെയാണ്‌ സീമ ശ്രീലയം മുന്നേറുന്നത്‌. നല്ല മലയാളത്തില്‍ ശാസ്‌ത്രപുസ്‌തകങ്ങള്‍ രചിക്കുന്ന എഴുത്തുകാരിയുടെ പുതിയ കൃതിയാണ്‌ ഹരിതരസതന്ത്രം.

കെമിക്കല്‍ എന്നു പറഞ്ഞാല്‍ത്തന്നെ വിഷസ്വഭാവം നിറഞ്ഞത്‌ എന്ന ബോധ്യമാണല്ലോ നമുക്കുണ്ടാവുക. ആ ചീത്തപ്പേരില്‍ നിന്നു രക്ഷനേടാനുള്ള ശ്രമങ്ങളിലാണ്‌ കെമിസ്‌ട്രി ഇന്ന്‌. രസതന്ത്രവും പരിസ്ഥിതി സൗഹൃദമായിക്കൊണ്ടിരിക്കുന്നു. കെമിസ്‌ട്രി പരിസ്ഥിതിസൗഹൃദമാകുന്നത്‌ എങ്ങനെയൊക്കെ എന്നും ആ രംഗത്തെ മുന്നേറ്റങ്ങള്‍ എന്തൊക്കെ എന്നും ലളിതമായി വിവരിക്കകുയാണ്‌ പുസ്‌തകത്തില്‍. ഹരിതരസതന്ത്രം എന്ന ആശയത്തെയും അതിന്റെ പ്രസക്തിയെയും കുറിച്ചു വിവരിക്കുന്നതാണ്‌ ആദ്യ അധ്യായം. പരിസ്ഥിതിസൗഹൃദ രസതന്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും നിര്‍ദേശങ്ങളും സാധ്യതകളും ചുരുക്കി വിവരിക്കുന്നു. ഈ മേഖലയില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രജ്ഞന്മാരെക്കുറിച്ചുള്ള സൂചനകളും അവരുടെ ചിത്രങ്ങളും സമവാക്യങ്ങളും തന്മാത്രഘടനകളുടെ ചിത്രങ്ങളുമെല്ലാം വേണ്ടത്രയുള്ളതിനാല്‍ ആദ്യ കാഴ്‌ചയില്‍ത്തന്നെ പുസ്‌തകത്തിന്‌ ഒരു ചടുലതയുണ്ട്‌.

അടിസ്ഥാന വിവരങ്ങള്‍ക്കു ശേഷമുള്ള അധ്യായങ്ങളിലെല്ലാം തന്നെ വിവരിക്കുന്നത്‌ ഹരിതരസതന്ത്രത്തിലെ വ്യത്യസ്‌ത മുന്നേറ്റങ്ങളാണ്‌. ക്ലോറോഫ്‌ളൂറോ കാര്‍ബണിനു പകരം നില്‍ക്കുന്ന സൂപ്പര്‍ ക്രിട്ടിക്കല്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌, സൂപ്പര്‍ ലായകങ്ങള്‍, തുടങ്ങിയവയെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും പറയുന്നു. പരിസ്ഥിതിസൗഹൃദപരമായ ആസിഡുകള്‍,വ്യാവസായിക ഉത്‌പാദന വസ്‌തുക്കള്‍ തുടങ്ങിയവയെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വിസ്‌മയകരമായ പുതിയ നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യതകള്‍, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്താനുള്ള വഴികള്‍, ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗങ്ങള്‍, ജൈവപ്ലാസ്റ്റിക്കിന്റെയും ജൈവ ഇന്ധനങ്ങളുടെയും വരവ്‌, ഔഷധനിര്‍മാണത്തിനുള്ള ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ രീതികള്‍, രിത കീടനാശിനികളും ഹരിതവളങ്ങള്‍ തുടങ്ങി പരിസ്ഥിതിക സൗഹൃദരസതന്ത്രത്തിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളുടെ പട്ടിക നിരത്തുന്നുണ്ട്‌ പുസ്‌തകം. ഹരിതരസതന്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ഗ്രീന്‍ കെമിസ്‌ട്രി ചലഞ്ച്‌ അവാര്‍ഡു ജേതാക്കളുടെ പട്ടിക, തുടങ്ങിയവ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. പുതിയൊരു തലത്തിലേക്കു വളരുന്ന രസതന്ത്രത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കുന്നതാണ്‌ പുസ്‌തകം.