കിഴക്കേവീട്ടിലെ
അനുചേച്ചി നാനോടെക്നോളജിയില്‍
ഗവേഷണം നടത്താന്‍ പോകുന്നൂന്ന്
അമ്മ പറയുന്നത് കേട്ടപ്പോള്‍
മുതല്‍ തോന്നിയ സംശയമാ
അപ്പുവിന്. എന്താണാവോ
ഈ നാനോടെക്നോളജി ? നാനോ
കാര്‍ ,നാനോ ഹോം
,നാനോ കുട എന്നൊക്കെ
കേട്ടിട്ടുണ്ട്. അമ്മയോടും
ചേട്ടനോടും ചോദിച്ചപ്പോള്‍
കോളെജില്‍ പഠിപ്പിക്കുന്ന
കുഞ്ഞമ്മയോട് തിരക്കാന്‍
പറഞ്ഞു. തേടിയവള്ളി
കാലില്‍ ചുറ്റി എന്ന് പറഞ്ഞത്
പോലെ ദേ കുഞ്ഞമ്മ ഇന്ന്
വീട്ടിലെത്തുകയും ചെയ്തു.
ഇനി കൂടെക്കൂടിയാല്‍
കുറെ കാര്യങ്ങള്‍ പറഞ്ഞു
തരും കുഞ്ഞമ്മയോട് സംസാരിച്ചാലും
സംസാരിച്ചാലും മതിയാവില്ല.
വന്നിരുന്നില്ല
അതിനുമുന്നെ അപ്പു അടുത്തെത്തി.
എന്താ
കുഞ്ഞമ്മേ ഈ നാനോ ? അപ്പു
ചോദ്യം ചോദിച്ചപ്പേഴെക്കും
ചേട്ടനും അടുത്തെത്തി.
അതോ മോന്റെ ഭാഷയില്‍
പറഞ്ഞാല്‍ കുഞ്ഞുകണങ്ങളുടെ
സാങ്കേതികവിദ്യ. കുഞ്ഞമ്മ
പറഞ്ഞുതീര്‍ന്നപ്പോഴേക്കും
ദാ വരുന്നു അടുത്ത ചോദ്യം.
കുഞ്ഞെന്ന് പറഞ്ഞാല്‍
എത്ര കുഞ്ഞാ. ഒരു
ഉറുമ്പിന്റത്ര ? മണല്‍
തരിയോളം അതോ പൂമ്പൊടിയെ പോലെയോ
? അല്ല അപ്പൂ അതിലും
ഒക്കെ എത്രയോ ചെറുത്. ആഹാ!
അപ്പുവിന് രസം കയറി.
ഒരു മീറ്ററിന്റെ നൂറ്
കോടിയിലൊരംശം അല്ലേ ഒരു നാനോ
മീറ്റര്‍ അതിനിടയില്‍ കോളജില്‍
കുമാരനായ ചേട്ടന് കയറി
ഗോളടിച്ചു. അതെ
അപ്പൂ നമ്മുടെ ഒരു തലമുടി
നാരിന്റെ വണ്ണത്തെ രണ്ട്
ലക്ഷം നാനോ മീറ്റര്‍ എന്ന്
പറയാം ഇപ്പോ മനസിലായോ നാനോയുടെ
കണ്ണില്‍ ഒരു മണല്‍ തരിയുടെ
വലിപ്പം.
അപ്പോള്‍
കുഞ്ഞമ്മേ എന്താ ഈ നാനോ
രസതന്ത്രം ? രസതന്ത്രവര്‍ഷം
പ്രമാണിച്ച് ഞങ്ങളുടെ കോളെജില്‍
അടുത്താഴ്ച ഒരു സെമിനാറും
നടക്കുന്നുണ്ട്. ഹും
കുഞ്ഞമ്മയില്‍ നിന്ന് കുറെ
നാനോകാര്യങ്ങള് അറിഞ്ഞ്
ഷൈന്‍ ചെയ്യാനുള്ള പണിയാ
ഒപ്പിക്കുന്നത് അപ്പു ചേട്ടനെ
കളിയാക്കി. ഒരു
വമ്പന്‍ ഫാക്ടറിയെ ഒരു
ചെറിയപെട്ടിക്കുള്ളില്‍
ഒതുക്കാന്‍ കഴിഞ്ഞാല്‍
എങ്ങനെയിരിക്കും. അയ്യോ
പെട്ടിക്കുള്ളില്‍ ഒതുങ്ങുന്ന
ഫാക്ടറിയോ ? ഞാന്‍
സയന്‍സ് ക്ലബ്ബ് വക ടൂറ്
പോയപ്പോള്‍ കണ്ട ഫാക്ടറിയും
യന്ത്രങ്ങളുമൊക്കെ എത്ര
വലുതാ അപ്പു അത്ഭുതപ്പെട്ടു.
അതാണ് പറഞ്ഞത്
കുഞ്ഞുകണങ്ങളുടെ ഒരു അത്ഭുത
ലോകം തന്നെയാണ് നമ്മളെ
കാത്തിരിക്കുന്നത്. ഇതുവരെ
കാണാത്ത അറിയാത്ത സങ്കല്പിക്കുക
പോലും ചെയ്യാത്ത ഒരത്ഭുത
ലോകം !
വേറേ
എന്തൊക്കെയാ കുഞ്ഞമ്മേ നാനോ
കെമസ്ട്രിയിലെ വിശേഷങ്ങള്‍
? ചോദ്യം ചേട്ടന്റെ
വക. വെള്ളത്തില്‍
അലിയുന്ന സ്വര്‍ണത്തെ കുറിച്ച്
കേട്ടിട്ടുണ്ടോ. ങേ
സ്വര്‍ണത്തിന്റെ വില റോക്കറ്റ്
പോലെ കയറുന്നത് മാത്രമേ ഞാന്‍
പത്രത്തില്‍ വായിച്ചിട്ടുള്ളു
കുഞ്ഞമ്മയുടെ ചോദ്യം തീരും
മുന്നെ അപ്പു ഇടയ്ക്ക് കയറി
പറഞ്ഞു. ആ എങ്കില്‍
ഇപ്പോള്‍ കേട്ടോളൂ സ്വര്‍ണത്തിന്റെ
നാനോ തരികള്‍ വെള്ളത്തില്‍
അലിയും. എന്നു
വച്ചാല്‍ ആറ്റങ്ങളുടെ വലിപ്പം
കുറഞ്ഞ് കുറഞ്ഞ് വരുമ്പോള്‍
അതിന്റെ സ്വഭാവവും മാറും
എന്ന് വച്ചാല്‍ സാധാരണ
സ്വര്ണതരിയുടെ നിറം
നമുക്കറിയാമല്ലോ. എന്നാല്‍
അതിലും കുഞ്ഞ് കണങ്ങളായി
മാറുമ്പോള്‍ അവയുടെ നിറം
മാണിക്യചുവപ്പായും നീലയായും
ഒക്കെ മാറും, അതായത്
ഒരു മാജിക് പോലെ ആറ്റങ്ങളെ
പ്രത്യേകരീതിയില്‍ അടുക്കി
അടുക്കി വച്ച് നമുക്കിനിയും
അറിയാത്ത ഇനിയും കാണാത്ത
പുത്തന്‍ പദാര്‍ത്ഥങ്ങള്‍
ഡിസൈന്‍ ചെയ്തെടുക്കാം.
ഞാന്‍
ഒന്ന് ചോദിച്ചോട്ടെ കുഞ്ഞമ്മേ.
ഇത്രയും കുഞ്ഞിക്കണങ്ങളെ
നമ്മള് എങ്ങനെ കാണും ?
നല്ല ചോദ്യം കുഞ്ഞമ്മയ്ക്കും
രസമായി. അതിന്
പ്രത്യേകതരം മൈക്രോ സ്കോപ്പ്
തന്നെ വേണം. രണ്ട്
തരമുണ്ട് അത് ഒന്ന് സ്കാനിംഗ്
ടണലിംഗ് മൈക്രോസ്കോപ്പ്
അടുത്തത് അറ്റോമിക് ഫോഴ്സ്
മൈക്രോസ്കോപ്പ് . ഇതിനെ
കുറിച്ച് കൂടുതല്‍ നിങ്ങള്‍
പിന്നെ പഠിച്ചോളൂം. ഇപ്പോള്‍
അനുച്ചേച്ചി കൂടുതല്‍
പഠിക്കാനായി പോയത് കണ്ടില്ലേ
അതു പോലെ.
എങ്ങനെയാ
കുഞ്ഞമ്മേ ഈ നാനോ ടെക്നോളജിയുടെ
തുടക്കം. അതോ 1959
ഡിസംബര്‍ 29 ന്
അമേരിക്കന്‍ ശാസ്ത്രജ്ഞനായ
റിച്ചാര്‍ഡ് ഫെയിന്മാന്
ഒരു പ്രഭാഷണം നടത്തി. ഈ
പ്രഭാഷണം കേട്ടവര്‍ അമ്പരന്നു
അതില്‍ അദ്ദേഹം പറഞ്ഞ കാര്യം
എന്താണന്നോ? ബ്രിട്ടാനിക്ക
വിശ്വവിജ്ഞാനകോശത്തിന്റെ
മുഴുവന്‍ ലക്കങ്ങളും ഒരു
മൊട്ടുസൂചിയുടെ അറ്റത്ത്
എഴുതാമെന്ന് ! കുഞ്ഞുകണങ്ങളില്
അനന്ത സാധ്യതകളുടെ വിസ്മയ
പ്രപഞ്ചം ഒളിച്ചിരുപ്പുണ്ടെന്ന്
അദ്ദേഹം വ്യക്തമായി പറഞ്ഞു.
ഈ നാനോടെക്നോളജി എന്ന്
പേരിട്ടത് നോറിയോ താനിഗുച്ചി
എന്ന ജപ്പാനീസ് ശാസ്ത്രജ്ഞനാണ്
കേട്ടോ. തീര്‍ന്നില്ല
വിശേഷങ്ങള്‍ നാനോ ടെക്നോളജിയുടെ
വളര്‍ച്ചയില്‍ നാഴികക്കല്ലായ
ഒരു സംഭവത്തെക്കുറിച്ച് കൂടി
പറയാം. അതിന്റെ കഥ
തുടങ്ങുന്നത് കരിക്കട്ടയില്‍
നിന്നും. കാര്‍ബണിന്റെ
അഥവാ കര്ിയുടെ ഒരു രൂപമാണ്
ഗ്രാഫൈറ്റ് എന്നറിയാമല്ലോ.
ആ പെന്‍സില്‍ മുന
അല്ലേ? അതെ അപ്പു
കുഞ്ഞമ്മ പറഞ്ഞു. ഗ്രാഫൈറ്റിനെ
ലേസര്‍ കിരണങ്ങള്‍ വച്ച്
ബാഷ്പീകരിക്കുന്ന പരീക്ഷണത്തില്‍
ഏര്‍പ്പെട്ടിരിക്കുകയായിരുന്നു
രണ്ട് പേര് അപ്പോഴല്ലേ
അത്ഭുതം ഉള്ള് പൊള്ളയായ ഒരു
പന്തിന്റെ രൂപത്തിലുള്ള
തന്മാത്രയാണ് അവര്‍ക്ക്
ലഭിച്ചത്. അറുപത്
കാര്‍ബണ്‍ ആറ്റങ്ങള്‍ ഉള്ള
ഈ പുതിയ രൂപത്തെ ബക്കി പന്ത്
എന്ന് വിളിച്ചു. ഈ
കണ്ടുപിടുത്തത്തിന് റിച്ചാഡ്
സ്മോളി , ഹരോള്‍ഡ്
ക്രോട്ടെ എന്നിവര്‍ക്ക് 1986
ലെ രസതന്ത്ര നോബല്‍
സമ്മാനവും ലഭിച്ചു. നിലവില്‍
പല നാനോപദാര്ത്ഥങ്ങളുടെയും
നിര്‍മ്മിതിയില്‍ ഇത്
ഒഴിച്ചുകൂടാനാകാത്തതാണ്,
ഇതിന്റെ എത്രയെത്ര
പ്രയോജനങ്ങള്‍ കാണാനിരിക്കുന്നു.
നമ്മളുപയോഗിക്കുന്ന
എതെങ്കിലും സാധനങ്ങളില്‍
നാനോ ഉണ്ടോ ? അപ്പുവിന്റെ
ചോദ്യം. പിന്നില്ലേ,
സ്വര്‍ണത്തിന്റെയും
വെള്ളിയുടേയും നാനോ കണികകള്‍
അടങ്ങിയ ജലശുദ്ധീകരണി ഇന്ന്
രംഗത്തെത്തിക്കഴിഞ്ഞു.
ടൈറ്റാനിയം ഡയോക്സൈഡിന്റെ
നാനോ കണങ്ങള്‍ പൂശിയ ബാത്ത്റും
ടൈലില്‍ സൂര്യപ്രകാശം പതിച്ചാല്‍
താനെ അഴുക്കിളകും എന്ന
പ്രത്യേകതയുണ്ട്. ഇരുമ്പിന്റെ
കാന്തിക നാനോ കണങ്ങള്‍
ഉപയോഗിച്ച് ഭൂഗര്‍ഭ ജലത്തിലെ
മാലിന്യങ്ങളെ നീക്കം ചെയ്യാനാകും.
ഇന്ന്
ലഭിക്കുന്ന പല മരുന്നുകളിലും
സൌന്ദര്യലേപനങ്ങളിലും നാനോ
കണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നാനോ ടെക്നോളജി
അടിസ്ഥാനമാക്കിയുള്ള വാഷിംഗ്
മെഷീനുകളും വിപണിയില്‍ ഉണ്ട്.
അദൃശ്യത സാധ്യമാക്കുന്ന
പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനുള്ള
ശ്രമങ്ങളും വിജയിച്ചു
കൊണ്ടിരിക്കുന്നു.
Box
Article
ഹരിത
രസതന്ത്രം
പ്രകൃതിയോടിണങ്ങുന്ന
രസത്രന്ത്രം ആണിത്.
രസത്രന്ത്രത്തെ
അടിമുടിമാറ്റുന്ന പുതിയ
പഠനശാഖയാണിത്. ഉപ്പ്
തൊട്ട് കര്‍പ്പൂരം വരെ എന്ന്
പറഞ്ഞത് പോലെ രാസവസ്തുക്കള്‍
ഇല്ലാത്ത ഒരു ലോകം നമുക്ക്
ചിന്തിക്കാന്‍ കഴിയില്ല.
എന്തിലും ഏതിലും
എവിടെയും രാസവസ്തുക്കളുടെ
സാന്നിദ്ധ്യം എന്നാല്‍ ഇത്
കൊണ്ട് ഗുണം മാത്രമല്ല ഉള്ളത്.
ഭൂമിയമ്മയെ
കൊന്നുകൊണ്ടിരിക്കുകയാണ്
രസതന്ത്രത്തിലെ പല കണ്ടുപിടുത്തങ്ങളും
. അപകടകരമായ
രാസമാലിന്യങ്ങള്‍ നമ്മുടെ
മണ്ണും വെള്ളവും ആകാശവും
വിഷമയമാക്കിക്കൊണ്ടിരിക്കുന്നു.
രാസവ്യവസായശാലകള്‍
ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
വേറേ. ഭോപ്പാല്‍
ദുരന്തത്തിന്റെയും ജപ്പാനില്‍
ഉണ്ടായ മിനമാതാ ദുരന്തത്തിന്റെ
മാത്രമല്ല ഇപ്പോള്‍ നമ്മുടെ
നാട്ടില്‍ ദുരന്തം
വിതച്ചുകൊണ്ടിരിക്കുന്ന
എന്‍ഡോസള്‍ഫാന്‍ വരെ
പ്രകൃതിയോടിണങ്ങാത്ത
രസതന്ത്രത്തിന്റെ ഉദാഹരണങ്ങളില്‍
ചിലത് മാത്രം. ഇതിന്
ഒരു മാറ്റം വരണമെന്ന ചിന്തയില്‍
നിന്നാണ് ഹരിത രസതന്ത്രമെന്ന
പഠനശാഖയുടെ തുടക്കം.
പരിസ്ഥിതിക്ക് ഇണങ്ങുന്ന
രാസവസ്തുക്കള്‍ നിര്‍മ്മിക്കുക,
അപകടകാരികളായവയെ
നിരുപദ്രവകാരികളാക്കി മാറ്റുക.
മാലിന്യങ്ങള്‍
പുറന്തള്ളാത്ത രാസവസ്തു
നിര്‍മ്മാണരീതി വികസിപ്പിച്ചെടുക്കുക
തുടങ്ങിയ ഗവേഷണങ്ങളാണ് ഹരിത
രസതന്ത്രത്തില്‍ നടക്കുന്നത്.
പണ്ട് ആല്കെമിസ്റ്റുകള്
എല്ലാ ലോഹങ്ങളെയും സ്വര്‍ണമാക്കാന്‍
ശ്രമിച്ചത് പോലെ ഇന്ന് ഗ്രീന്‍
കെമിസ്റ്റുകള്‍ ഹരിത
ഉത്പ്പന്നങ്ങളുടെ പുതുനിര
സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.