Wednesday, October 15, 2008

ഊര്‍ജം ജൈവദ്രാവകങ്ങളില്‍ നിന്നും

മൂത്രം, കണ്ണുനീര്‍, ഉമിനീര്‍ തുടങ്ങിയ ജൈവദ്രാവകങ്ങളായിരിക്കും, ഭാവിയുടെ ഊര്‍ജസ്രോതസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്‌ഭുതം തോന്നാറുണ്ടോ? സിംഗപ്പൂരില്‍ ഗവേഷണം നടത്തുന്ന പ്രഫസര്‍ കെ.ബി.ലീയും സഹപ്രവര്‍ത്തകരും മനുഷ്യന്റെ മൂത്രം ഉപയോഗിച്ച്‌ ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു! അതും ഒരു ക്രെഡിറ്റ്‌ കാര്‍ഡിനെക്കാള്‍ ചെറിയ ഡിസ്‌പോസിബിള്‍ ബാറ്ററികള്‍. എളുപ്പം ജൈവവിഘടന വിധേയമാവുന്ന ഈ പേപ്പര്‍ ബാറ്ററികള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പേടിയും വേണ്ട. ചെലവും ഇല്ല.
പുതിയ പേപ്പര്‍ ബാറ്ററിയുടെ നിര്‍മാണവും വളരെ ലളിതം. പേപ്പര്‍ ആദ്യം കോപ്പര്‍ ക്ലോറൈഡ്‌
ലായനിയില്‍ മുക്കിയെടുത്തത്തിനുശേഷം മഗ്നീഷ്യത്തിന്റെയും കോപ്പറിന്റെയും സ്‌ട്രിപ്പുകള്‍ക്കിടയില്‍ വയ്‌ക്കണം. ഈ സാന്‍ഡ്‌ വിച്ച്‌ സുതാര്യമായ പ്ലാസ്റ്റിക്‌ ഷീറ്റുകളുപയോഗിച്ച്‌ 120 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ലാമിനേറ്റു ചെയ്‌തെടുക്കുന്നതോടെ ബാറ്ററി റെഡി! ഇതിന്റെ കനമാവട്ടെ വെറും ഒരു മില്ലിമീറ്റര്‍
മാത്രവും. ബാറ്ററിയുടെ ഉപരിതലത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ വിടവിലൂടെ ഒരു തുള്ളി മൂത്രം പേപ്പറിലൂടെ വീഴ്‌ത്തണം. അപ്പോള്‍ ബാറ്ററിക്കുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തങ്ങളുടെ ഫലമായി വൈദ്യുതിയുണ്ടാവും. മൂത്രത്തിലടങ്ങിയിരിക്കുന്ന പലതരം അയോണുകള്‍ (ചാര്‍ജുള്ള ആറ്റങ്ങള്‍) ആണ്‌ രാസപ്രവര്‍ത്തനം നടത്തുന്നത്‌. 0.2 മില്ലിലിറ്റര്‍ മൂത്രമുപയോഗിച്ച്‌ 1.5 വോള്‍ട്ട്‌ വൈദ്യുതിയുണ്ടാക്കാന്‍ ലീക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചു. ഇതിന്റെ കാര്യക്ഷമത ഇനിയും വര്‍ധിപ്പിക്കാനുള്ള
ഗവേഷണങ്ങളിലാണ്‌ ശാസ്‌ത്രജ്ഞര്‍. ഇപ്പോള്‍ ഈ പേപ്പര്‍ ബാറ്ററികള്‍ പ്രധാനമായും ഉപയോഗപ്പെടുത്താന്‍ കഴിയുക ബയോമെഡിക്കല്‍ ഉപകരണങ്ങളിലാണെങ്കിലും ഭാവിയില്‍ ഊര്‍ജപ്രതിസന്ധിക്കു നല്ലൊരു പരിഹാരമാവുക ഈ ബാറ്ററികളാവുമെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ പ്രവചനം. വിവിധ രോഗനിര്‍ണയത്തിനുള്ള ബയോചിപ്പുകളും ഡിസ്‌പോസിബിള്‍ ടെസ്റ്റ്‌ കിറ്റുകളിലും ഊര്‍ജസ്രോതസ്സായി പേപ്പര്‍ ബാറ്ററികള്‍ ഉപയോഗിക്കാം. ഇതു വ്യാപകമാവുന്നതോടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ലിഥിയം കാഡ്‌മിയം ബാറ്റററികളെ ഒഴിവാക്കുകയും ചെയ്യാം. ക്രെഡിറ്റ്‌ കാര്‍ഡ്‌ വലുപ്പത്തിലുള്ള ഒരു പ്ലാസ്റ്റിക്‌ ഷീറ്റില്‍ ഒറു കുഞ്ഞുസെല്‍ഫോണും ഉമിനീരില്‍ നിന്നു വൈദ്യുതി
ഉത്‌പാദിപ്പികക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററിയും ഘടിപ്പിച്ചാലെങ്ങനെയിരിക്കും? അത്യാവശ്യഘട്ടങ്ങളില്‍ ഉമിനൂരു കൊണ്ടു പേപ്പര്‍ നനച്ച്‌ സെല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം! ിയര്‍പ്പില്‍ നിന്നും കണ്ണുനീരില്‍ നിന്നുമൊക്കെ വൈദ്യുതിയുത്‌പാദിപ്പിക്കുന്ന ബാറ്ററികളും രംഗപ്രവേശം ചെയ്‌തുകൂടെന്നില്ല. ഇങ്ങനെ നൂറു നൂറു സാധ്യതകളാണു പുതിയ കണ്ടുപിടിത്തം ശാസ്‌ത്രത്തിനു മുന്നില്‍ തുറന്നിടുന്നത്‌. പേപ്പര്‍ ബാറ്ററികളുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പും എംപി 3 പ്ലെയറും െലിവിഷനും കാറുമൊക്കെ അധികം വൈകാതെ യാഥാര്‍ഥ്യമാവും. പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ അതിവേഗം തീരുകയും ലോകം കടുത്ത ഊര്‍ജപ്രതിസന്ധിയുടെ നിഴലില്‍ അമരുകയും ചെയ്യുന്ന ഇക്കാലത്ത്‌ ജൈവദ്രാവകങ്ങളുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്‌. മനുഷ്യശരീരമെന്ന അദ്‌ഭുത ഫാക്‌ടറി പുറന്തള്ളുന്ന ദ്രാവകങ്ങള്‍ തന്നെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പോവുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം പേപ്പര്‍ ബാറ്ററികളുടെ നിര്‍മാണം വ്യാപകമായാല്‍ മൂത്രത്തിനും ഉമിനീരിനും കണ്ണുനീരിനും വിയര്‍പ്പിനുമൊക്കെ പൊന്നില്‍ വിലയുള്ള കാലമാവും വരാന്‍ പോവുന്നത്‌.

13 comments:

സീമ ശ്രീലയം said...

അത്യാവശ്യഘട്ടങ്ങളില്‍

Anonymous said...

ഇനി ഭൂമിയില്‍ 'ഉപയോഗ ശൂന്യം' എന്ന ആശയം തിരുത്തി എഴുതപ്പെടും.. Bakar

ശിവ said...

എന്നാല്‍ ഈ ഊര്‍ജ്ജം എത്ര മാത്രം പരിമിതമാണെന്ന് അറിയാമോ....തിയറിയായി പറയുമ്പോഴാണ് ഇതൊക്കെ ഇങ്ങനെ ആകുന്നത്....നമുക്ക് ആവശ്യം ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ അല്ലേ....ഇതൊക്കെ സീറൊ പൊല്യൂഷന്‍ മോട്ടോഴ്സിനെ പോലെ ആകുമോ എന്ന് കാത്തിരുന്ന് കാണാം....ഇങ്ങനൊക്കെ പറയുന്നത് ഞാന്‍ പഠിച്ചതും ഫിസിക്സ് തന്നെയാ...

മാഹിഷ്‌മതി said...

എന്റെ ഗുരുനാഥന്റെ മകള്‍ക്ക്,


കുറെ ദിവസമായി തിരയുന്നു ഇന്നാണ് കണ്ടു കിട്ടിയത്.നന്നായിരുന്നു സയന്‍സ് ക്രീം വായിക്കാറുണ്ട് .ആരെഴുതുന്നതാണെന്ന് ശ്രദ്ധിക്കാറില്ലായിരുന്നു.ടി.ടി.സി.ക്കു പഠിക്കുമ്പോള്‍ പെട്ടന്ന് പ്രൈമറി ക്ലാസുകളില്‍ എന്നും ഒന്നം സ്ഥാനത്ത് മുഴങ്ങി നിന്ന ആ പേര്‍ താളുകളില്‍ കണ്ടപ്പോള്‍ അത്ഭുതത്തിലേറെ അഭിമാനമണ് തോന്നിയത്,കൂട്ടുകാരെ വിളിച്ച് കാണിച്ച് എന്റെ ക്ലാസ്മേറ്റണെന്ന് പറഞ്ഞ് അഹങ്കരിച്ച്ട്ടുണ്ട്.
എനി പോസ്റ്റിനെ പറ്റി.ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമണെന്നത് ആര്‍ക്കും അറിയാം .ഇതു പോലെ ഒരു പാട് വാചികമായ പ്രോജക്റ്റുകള്‍ വായിച്ചുട്ടുണ്ട്, ഇതൊക്കെ യാഥാര്‍ത്യം ആകുമോ..........?
എനി ഞാനാരാണെന്നല്ലെ ഒന്നു വന്നു നോക്കൂ എന്റെ ബ്ലോഗ്ഗും എന്റെ ഭ്രാന്തും

പാര്‍ത്ഥന്‍ said...

മൂത്രമൊഴിക്കാൻ പ്രത്യേകം സ്ഥലങ്ങൾ പരിമിതമായ കേരളത്തെ സംബന്ധിച്ച് വളരെ ഉപകാരപ്രദമാകും. മൂത്രം പാഴായിപോകുകയുമില്ല.

റിംപോച്ചേ said...

ഇവിടെ " മൂത്രം, കണ്ണുനീര്‍, ഉമിനീര്‍ " ഇവ ഒന്നുമല്ല ഉര്‍ജ്ജം തരുന്നത്
ഇതൊരു " galvanic cell " ആയാണ് പ്രവര്‍ത്തിക്കുന്നത് . ഇവിടെ മഗ്നീഷ്യം anode ആയും കോപ്പര്‍ cathode ആയും " മൂത്രം, കണ്ണുനീര്‍, ഉമിനീര്‍" ഇവയില്‍ ഏതെങ്കിലും Electrolyte ആയും കോപ്പര്‍ ക്ലോറൈഡ്‌ ലായനിയില്‍ മുക്കിയെടുത്ത പേപ്പര്‍ ഈ anode നെയും cathode നെയും വേര്‍തിരിക്കുന്ന separator ആയും ആണ് പ്രവര്‍ത്തിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് നോക്കുക .
കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ ഈ വാര്‍ത്തയ്ക്ക് എങ്ങനെ ഇതത്ര വാര്‍ത്താ പ്രാധാന്യം കിട്ടി എന്നത് ഒരു ചോദ്യം തന്നെ ആണ് . അല്ലെങ്ങില്‍ അവരുടെ കണ്ടുപിടുത്തത്തിനു വേറെ എന്തെങ്ങിലും പ്രത്യേകത ഉണ്ടാകും .

സ്കൂളില്‍ കെമിക്കല്‍ സെല്ലുകളെ കുറിച്ചു പഠിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരുപാട് പരീക്ഷണങ്ങള്‍ എല്ലാവരും ചെയ്യാറുള്ളതാണ് .
ഉരുളന്‍ കിഴങ്ങില്‍ ചെമ്പ് കമ്പിയും ഇരുമ്പ് കമ്പിയും കയറ്റിയതിനു ശേഷം അതൊരു LED യില്‍ കണക്ട് ചെയ്‌താല്‍ LED കത്തുന്നതാണ് , ചിലപ്പോള്‍ LED ക്ക് വേണ്ട അത്രയും Voltage നു വേണ്ടി ഇതുപോലുള്ള രണ്ടോ മുനോ ഉരുളന്‍ കിഴങ്ങ് സെല്ലുകള്‍ series ആയി കണക്ട് ചെയ്യേണ്ടത്തായി വരും എന്ന് മാത്രം .

ഏതായാലും ഇനിയും നല്ല പുതിയ ലേഖനങ്ങള്‍ പ്രതീഷിക്കുന്നു

റിംപോച്ചേ said...

കമന്റ് ട്രാക്ക് ചെയ്യാന്‍ മറന്നു പോയി

തറവാടി said...

പ്രതീക്ഷകള്‍.

റിം‌പോച്ചയുടെ കമന്‍‌റ്റും നന്നായി :)

കുമാരന്‍ said...

പുത്തന്‍ വിവരങ്ങള്‍ക്ക് നന്ദി.

Namaskar said...

0.2 മില്ലിലിറ്റര്‍ മൂത്രമുപയോഗിച്ച്‌ 1.5 വോള്‍ട്ട്‌ വൈദ്യുതിയുണ്ടാക്കാന്‍ ലീക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചു.

???

ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നു.

Using 0.2 ml of urine, they generated a voltage of around 1.5 V with a corresponding maximum power of 1.5 mW.

റിംപോച്ചേ പറഞ്ഞത് പോലെ anode നെയും cathode നെയും ആശ്രയിച്ചാണ് വോള്‍ട്ടേജ് വരുന്നത്.

The power of the device comes from the electrochemical reaction between the layers of magnesium metal and copper (I) chloride in the device. Urine merely facilitates the reaction, which cannot occur when the device is dry.

അനില്‍@ബ്ലോഗ് said...

പുതുമയുള്ള വിഷയമല്ലെങ്കിലും പലതുള്ളി പെരുവെള്ളം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കാനാവും ഇതു ഉപയോഗപ്പെടുക. ഏതൊരു സാധാരണ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നപോലെ തന്നെയാണിതെന്നു റിംപോച്ചെ പറഞ്ഞത് നൂറ് ശതമാനവും ശരി.
പക്ഷെ ചെറിയ പവര്‍ വേണ്ട ഉപകരണങ്ങള്‍, ഉദാ: കാല്‍ക്കുലേറ്റര്‍, ഇത്തരത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനാവും.

അപ്പു said...

നന്ദി. നല്ല പോസ്റ്റ്..

Jijo said...

It's nice to imagine the future if these batteries power my laptop. I wouldn't have to take the 'restroom' break. I just have to recharge my laptop :)

May be in the restroom we will have recharge booths in place of urinals. Ha!