Wednesday, October 15, 2008

ഊര്‍ജം ജൈവദ്രാവകങ്ങളില്‍ നിന്നും

മൂത്രം, കണ്ണുനീര്‍, ഉമിനീര്‍ തുടങ്ങിയ ജൈവദ്രാവകങ്ങളായിരിക്കും, ഭാവിയുടെ ഊര്‍ജസ്രോതസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്‌ഭുതം തോന്നാറുണ്ടോ? സിംഗപ്പൂരില്‍ ഗവേഷണം നടത്തുന്ന പ്രഫസര്‍ കെ.ബി.ലീയും സഹപ്രവര്‍ത്തകരും മനുഷ്യന്റെ മൂത്രം ഉപയോഗിച്ച്‌ ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു! അതും ഒരു ക്രെഡിറ്റ്‌ കാര്‍ഡിനെക്കാള്‍ ചെറിയ ഡിസ്‌പോസിബിള്‍ ബാറ്ററികള്‍. എളുപ്പം ജൈവവിഘടന വിധേയമാവുന്ന ഈ പേപ്പര്‍ ബാറ്ററികള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പേടിയും വേണ്ട. ചെലവും ഇല്ല.
പുതിയ പേപ്പര്‍ ബാറ്ററിയുടെ നിര്‍മാണവും വളരെ ലളിതം. പേപ്പര്‍ ആദ്യം കോപ്പര്‍ ക്ലോറൈഡ്‌
ലായനിയില്‍ മുക്കിയെടുത്തത്തിനുശേഷം മഗ്നീഷ്യത്തിന്റെയും കോപ്പറിന്റെയും സ്‌ട്രിപ്പുകള്‍ക്കിടയില്‍ വയ്‌ക്കണം. ഈ സാന്‍ഡ്‌ വിച്ച്‌ സുതാര്യമായ പ്ലാസ്റ്റിക്‌ ഷീറ്റുകളുപയോഗിച്ച്‌ 120 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ലാമിനേറ്റു ചെയ്‌തെടുക്കുന്നതോടെ ബാറ്ററി റെഡി! ഇതിന്റെ കനമാവട്ടെ വെറും ഒരു മില്ലിമീറ്റര്‍
മാത്രവും. ബാറ്ററിയുടെ ഉപരിതലത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ വിടവിലൂടെ ഒരു തുള്ളി മൂത്രം പേപ്പറിലൂടെ വീഴ്‌ത്തണം. അപ്പോള്‍ ബാറ്ററിക്കുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തങ്ങളുടെ ഫലമായി വൈദ്യുതിയുണ്ടാവും. മൂത്രത്തിലടങ്ങിയിരിക്കുന്ന പലതരം അയോണുകള്‍ (ചാര്‍ജുള്ള ആറ്റങ്ങള്‍) ആണ്‌ രാസപ്രവര്‍ത്തനം നടത്തുന്നത്‌. 0.2 മില്ലിലിറ്റര്‍ മൂത്രമുപയോഗിച്ച്‌ 1.5 വോള്‍ട്ട്‌ വൈദ്യുതിയുണ്ടാക്കാന്‍ ലീക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചു. ഇതിന്റെ കാര്യക്ഷമത ഇനിയും വര്‍ധിപ്പിക്കാനുള്ള
ഗവേഷണങ്ങളിലാണ്‌ ശാസ്‌ത്രജ്ഞര്‍. ഇപ്പോള്‍ ഈ പേപ്പര്‍ ബാറ്ററികള്‍ പ്രധാനമായും ഉപയോഗപ്പെടുത്താന്‍ കഴിയുക ബയോമെഡിക്കല്‍ ഉപകരണങ്ങളിലാണെങ്കിലും ഭാവിയില്‍ ഊര്‍ജപ്രതിസന്ധിക്കു നല്ലൊരു പരിഹാരമാവുക ഈ ബാറ്ററികളാവുമെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ പ്രവചനം. വിവിധ രോഗനിര്‍ണയത്തിനുള്ള ബയോചിപ്പുകളും ഡിസ്‌പോസിബിള്‍ ടെസ്റ്റ്‌ കിറ്റുകളിലും ഊര്‍ജസ്രോതസ്സായി പേപ്പര്‍ ബാറ്ററികള്‍ ഉപയോഗിക്കാം. ഇതു വ്യാപകമാവുന്നതോടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ലിഥിയം കാഡ്‌മിയം ബാറ്റററികളെ ഒഴിവാക്കുകയും ചെയ്യാം. ക്രെഡിറ്റ്‌ കാര്‍ഡ്‌ വലുപ്പത്തിലുള്ള ഒരു പ്ലാസ്റ്റിക്‌ ഷീറ്റില്‍ ഒറു കുഞ്ഞുസെല്‍ഫോണും ഉമിനീരില്‍ നിന്നു വൈദ്യുതി
ഉത്‌പാദിപ്പികക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററിയും ഘടിപ്പിച്ചാലെങ്ങനെയിരിക്കും? അത്യാവശ്യഘട്ടങ്ങളില്‍ ഉമിനൂരു കൊണ്ടു പേപ്പര്‍ നനച്ച്‌ സെല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം! ിയര്‍പ്പില്‍ നിന്നും കണ്ണുനീരില്‍ നിന്നുമൊക്കെ വൈദ്യുതിയുത്‌പാദിപ്പിക്കുന്ന ബാറ്ററികളും രംഗപ്രവേശം ചെയ്‌തുകൂടെന്നില്ല. ഇങ്ങനെ നൂറു നൂറു സാധ്യതകളാണു പുതിയ കണ്ടുപിടിത്തം ശാസ്‌ത്രത്തിനു മുന്നില്‍ തുറന്നിടുന്നത്‌. പേപ്പര്‍ ബാറ്ററികളുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പും എംപി 3 പ്ലെയറും െലിവിഷനും കാറുമൊക്കെ അധികം വൈകാതെ യാഥാര്‍ഥ്യമാവും. പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ അതിവേഗം തീരുകയും ലോകം കടുത്ത ഊര്‍ജപ്രതിസന്ധിയുടെ നിഴലില്‍ അമരുകയും ചെയ്യുന്ന ഇക്കാലത്ത്‌ ജൈവദ്രാവകങ്ങളുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്‌. മനുഷ്യശരീരമെന്ന അദ്‌ഭുത ഫാക്‌ടറി പുറന്തള്ളുന്ന ദ്രാവകങ്ങള്‍ തന്നെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പോവുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം പേപ്പര്‍ ബാറ്ററികളുടെ നിര്‍മാണം വ്യാപകമായാല്‍ മൂത്രത്തിനും ഉമിനീരിനും കണ്ണുനീരിനും വിയര്‍പ്പിനുമൊക്കെ പൊന്നില്‍ വിലയുള്ള കാലമാവും വരാന്‍ പോവുന്നത്‌.

Saturday, October 11, 2008

വരുന്നു റെയിന്‍ബോ സോളാര്‍ സെല്‍

സോളാര്‍ സെല്ലുകളുടെ ശ്രേണിയിലേക്കു വര്‍ണത്തിളക്കവുമായെത്തുകയാണ്‌ റെയിന്‍ബോ സോളാര്‍ സെല്‍. ഈ സൗരസെല്ലിനു മഴവില്ലിന്റെ പേരുകൊടുക്കാന്‍ കാരണമുണ്ട്‌. സെമി കണ്ടക്‌ടര്‍ ക്വാണ്ടം ഡോട്ടുകളാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. നാനോ വലിപ്പത്തിലുള്ള ഈ അര്‍ധചാലക ക്രിസ്റ്റലുകള്‍ക്ക്‌ പ്രകാശത്തിലെ വിവിധ വര്‍ണങ്ങളെ ആഗിരണം ചെയ്യാനും വ്യത്യസ്‌ത നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കാനുമുള്ള കഴിവുണ്ട്‌. യൂണിവേഴ്‌സ്റ്റി ഓഫ്‌ നോട്രഡാം ഗവേഷകരാണ്‌ പുതിയ സൗര സെല്ലിന്റെ സൃഷ്‌ടിക്കു പിന്നില്‍. സെമി കണ്ടക്‌ടര്‍ ക്വാണ്ടം ഡോട്ടുകളുടെ വലിപ്പം വ്യത്യാസപ്പെടുത്തി വ്യത്യസ്‌ത തരംഗ ദൈര്‍ഘ്യത്തിലുള്ള പ്രകാശം ആഗിരണം ചെയ്യുന്ന വിധത്തില്‍ അവയെ ട്യൂണ്‍ ചെയ്‌തെടുക്കാം. ഇത്തരം ക്വാണ്ടം ഡോട്ടുകളെ അണിനിരത്തിയുണ്ടാക്കുന്ന സോളാര്‍ സെല്ലിനു പ്രകാശം ആഗിരണം ചെയ്യാന്‍ സവിശേഷമായ കഴിവുകളാണുള്ളത്‌.

ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌ കൊണ്ടുണ്ടാക്കിയ നാനോ ഫിലിമിന്റെയും നാനോ ട്യൂബിന്റെയും ഉപരിതലത്തില്‍ കാഡ്‌മിയം സെലിനൈഡ്‌ ക്വാണ്ടം ഡോട്ടുകള്‍കൊണ്ട്‌ ഒരാവരണമുണ്ടാക്കുകയാണ്‌ നോട്രഡാം ഗവേഷകര്‍ ചെയ്‌തത്‌. പ്രകാശം ആഗിരണം ചെയ്യുന്നതനുസരിച്ച്‌ ക്വാണ്ടേ ഡോട്ടുകള്‍ ഇലക്‌ട്രോണുകളെ ടൈറ്റാനിയം ഡൈഓക്‌സൈഡിലേക്ക്‌ ഇന്‍ജക്‌ട്‌ ചെയ്യും. ഇതൊരു ഇലക്‌ടിങ്‌ ഇലകക്‌ട്രോഡില്‍ ശേഖരിക്കും. 2.3 നാനോ മീറ്റര്‍ മുതല്‍ 3.7 നാനോമീറ്റര്‍ വരെ വ്യാസമുള്ള നാലുതരം
ക്വാണ്ടം ഡോട്ടുകളും 505 മുതല്‍ 580 നാനോ മീറ്റര്‍വരെ തരംഗദൈര്‍ഘ്യമുള്ള പ്രകാശവുമാണ്‌ ഗവേഷകര്‍ ഉപയോഗിച്ചത്‌. ഇന്‍ഫ്രാ റെഡ്‌ കിരണങ്ങളെയും ഇത്തരത്തില്‍ ആഗിരണം ചെയ്യാന്‍ ക്വാണ്ടം ഡോട്ടുകള്‍ക്കു സാധിക്കും. സിലിക്കണ്‍ സോളാര്‍ സെല്ലുകളെക്കാളും കാര്യക്ഷമതയില്‍ ഏറെ മുന്നിലാണ്‌ റെയിന്‍ബോ സോളാര്‍ സെല്ലുകളെന്ന്‌ ഗവേഷകര്‍ ആവശ്യപ്പെടുന്നു. വീടുകളിലും ഫിസുകളിലുമൊക്കെ ഈ പുത്തന്‍ സോളാര്‍ സെല്‍ സ്ഥാപിച്ച്‌ ഊര്‍ജം കൊയ്‌തെടുക്കാം. വീടുകളില്‍ മനോഹരമായ വര്‍ണ ജനലുകള്‍ ഉണ്ടാക്കാനും റെയിന്‍ബോ സോളാര്‍ സെല്‍ ഉപയോഗിക്കാം. അവയെ പ്രത്യേക പ്രകാശവര്‍ണങ്ങള്‍ ആഗിരണം ചെയ്യാന്‍ ട്യൂണ്‍ ചെയ്‌തെടുത്താല്‍ മതി. ജനലില്‍ നിന്ന്‌ വൈദ്യുതി ലഭിച്ചു തുടങ്ങും!

Thursday, October 9, 2008

ഹൈഡ്രജന്‍ എന്ന താരം

കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍നിന്നു ലോകത്തെ കരകയറ്റാന്‍ പുത്തന്‍ ഊര്‍ജസ്രോതസ്സുകള്‍ തേടിയുള്ള യാത്രയിലാണു ശാസ്‌ത്രലോകം. ഈ യാത്രയും അന്വേഷണങ്ങളും ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ ഹൈഡ്രജനിലാണ്‌. അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍, നിലവിലുള്ള ഊര്‍ജസ്രോതസ്സുകളുടെ പരിമിതികള്‍ ഇവയൊക്കെ ഒരു പുത്തന്‍ ഊര്‍ജസ്രോതസ്സിന്റെ അനിവാര്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. ഹൈഡ്രജനും സൗരോര്‍ജവുമായിരിക്കും ഭാവിയുടെ ഇന്ധനസ്രോതസ്സുകളെന്നാണു പരീക്ഷണശാലകളില്‍നിന്നുള്ള പ്രവചനം.
പ്രകൃതിയില്‍ സുലഭമായി ലഭിക്കുന്ന ഒരു മൂലകമാണ്‌ ഹൈഡ്രജന്‍. ഒരു പരിസ്ഥിതി സൗഹൃദ ഇന്ധനമാണു ഹൈഡ്രജന്‍ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ഹൈഡ്രജന്റെ രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഉല്‍പന്നങ്ങള്‍ ജലവും താപവും മാത്രം. പരിസ്ഥിതി മലിനീകരണഭീഷണി ഇല്ലേയില്ല. ഫോസില്‍ ഇന്ധനങ്ങള്‍ സൃഷ്‌ടിക്കുന്ന ആഗോളതാപനേ പോലുള്ള ഭീഷണികളുമില്ല. കാരണം ഹൈഡ്രജന്‍ വാതകം ഇന്ധനമായുപയോഗിക്കുമ്പോള്‍ ഗ്രീന്‍ഹൗസ്‌ വാതകങ്ങളൊന്നും തന്നെ പുറത്തുവരുന്നില്ല.
ജലം, പ്രകൃതിവാതകം, എണ്ണകള്‍ ഇവയില്‍ നിന്നൊക്കെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്നു നിലവിലുണ്ട്‌.
ഹൈഡ്രജന്‍ സോളാര്‍ എന്ന ബ്രിട്ടീഷ്‌ ഗവേഷണസ്ഥാപനം സൂര്യപ്രകാശമുപയോഗിച്ചു ജലത്തില്‍നിന്നും ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. നാനോ ടെക്‌നോളജിയുടെ സഹായത്തോടെ ഹൈഡ്രജന്‍ സോളാര്‍ വികസിപ്പിച്ചെടുത്ത ടാന്‍ഡം സെല്‍ ടെക്‌നോളജി (Tandem Cell Technology) എന്ന പുത്തിന്‍ സങ്കേതം ഇന്ധനസെല്‍ (Fuel Cell) രംഗത്ത്‌ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നു തീര്‍ച്ച. നാനോ ക്രിസ്റ്റലൈന്‍ വലിപ്പത്തിലുള്ള മെറ്റല്‍ ഓക്‌സൈഡ്‌ (Metal Oxide) പാളികൊണ്ട്‌ ആവരണം ചെയ്‌ത രണ്ടു ഫോട്ടോ കാറ്റലിറ്റിക്‌ സെല്ലുകളാണ്‌ (Photo Catalytie Cells) ഇതിലുപയോഗിക്കുന്നത്‌. സെല്ലുകളുടെ ഉപരിതലം ആവരണം ചെയ്യാനുപയോഗിക്കുന്ന മെറ്റല്‍ ഓക്‌സൈഡ്‌ നാനോ വലിപ്പത്തില്‍ (10 -9 മീറ്റര്‍) ആയതിനാല്‍ അതിന്റെ പ്രതലവിസ്‌തീര്‍ണ്ണം ഏറ്റവും കൂടുതലായിരിക്കും. ഇവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്‌ത്‌ ഇലക്‌ട്രോണുകളെ സ്വതന്ത്രമാക്കും. ഇങ്ങനെയുണ്ടാക്കുന്ന വൈദ്യുതിയുപയോഗിച്ച്‌ ജലത്തിന്റെ വൈദ്യുതവിശ്ലേഷണം നടത്തിയാണഅ അതില്‍നിന്ന്‌ ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്നത്‌. വിന്‍ഡ്‌ ഫാമുകള്‍ പോലെ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഹൈഡ്രജന്‍ ഫാമുകള്‍ അധികം വൈകാതെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നിവരുടെ പ്രതീക്ഷ.
ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ലീഡ്‌സില്‍ വാലെറി ഡ്യൂപോണ്ടിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞര്‍ സൂര്യകാന്തി എണ്ണയില്‍നിന്നും ഹൈഡ്രജന്‍ വേര്‍തിരിക്കാനുള്ള പരീക്ഷണത്തില്‍ വിജയിച്ചുകഴിഞ്ഞു. ചില ബാക്‌ടീരിയകള്‍ സൂര്യപ്രകാശം ഉപയോഗിച്ച്‌ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ജനിതക എന്‍ജിനീയറിങ്ങിലൂടെ ഇത്തരം ബാക്‌ടീരിയകളെ വന്‍തോതില്‍ സൃഷ്‌ടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ബാക്‌ടീരിയല്‍ ഹൈഡ്രജന്‍ ഇന്ധനസെല്ലുകള്‍ രംഗപ്രവേശം ചെയ്യാന്‍ അധികകാലം വേണ്ടിവരില്ല.
ഹൈഡ്രജന്‍ വന്‍തോതില്‍ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ വിജയിക്കുമ്പോഴും ഉത്‌പാദിപ്പിച്ച ഹൈഡ്രജന്‍ ശേഖരിച്ചുവയ്‌ക്കുക എന്നത്‌ ഇത്തരമൊരു വെല്ലുവിളിതന്നെയാണ്‌. ഹൈഡ്രജന്‍ ആറ്റത്തിന്റെ വലിപ്പം അത്രയും ചെറുതാണെന്നതുതന്നെ കാരണം ഇവിടെയും രക്ഷയ്‌ക്കെത്താന്‍ പോവുന്നത്‌ നാനോ ടെക്‌നോളജി തന്നെ. നാനോ ടെക്‌നോളജി ഉപയോഗിച്ച്‌ ഹൈഡ്രജന്‍ ആറ്റങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയാത്ത സൂക്ഷ്‌മഭിത്തികളോടുകൂടിയ സംഭരണികളുണ്ടാക്കാനുള്ള ശ്രമത്തിലാണു ശാസ്‌ത്രജ്ഞര്‍.
ഹൈഡ്രജന്‍ ഇന്ധനസെല്ലുകളുടെ രംഗപ്രവേശത്തോടെ അടിമുടി മാറാന്‍ പോവുന്നത്‌ മോട്ടോര്‍ വാഹനങ്ങളാണ്‌. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ വ്യാപകമാവുന്ന കാലം വിദൂരത്തല്ല. ജര്‍മനിയില്‍ 2001 ല്‍ തന്നെ ബി.എം.ഡബ്യു (BMW) ഹൈഡ്രജന്‍ കാര്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ഇന്ധനമായി 1970കള്‍ മുതല്‍ തന്നെ ഹൈഡ്രജന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പാണ്‌. ഹൈഡ്രജന്‍ തന്നെയായിരിക്കും ഭാവിയില്‍ ഊര്‍ജരംഗത്തെ താരം.

Wednesday, October 8, 2008

നടന്നോളൂ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം

ഇനി സെല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍ പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി ധൈര്യമായി സെല്‍ഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു സാരം.
ബ്രിട്ടീഷ്‌ കൊളംബിയയിലെ Sumair Fracer യൂണിവേഴ്‌സിറ്റി ഗവേഷകരാണ്‌ മനുഷ്യന്റെ സന്ധികളുടെ ചലനങ്ങളില്‍ നിന്ന്‌ ഊര്‍ജം കൊയ്‌തെടുക്കാനുള്ള മാര്‍ഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. അലുമിനിയവും സ്റ്റീലും കൊണ്ട്‌ നിര്‍മിച്ച ഒരു ബെല്‍റ്റാണ്‌ ഈ ഉപകരണം. ചെറിയ ഗിയറും ക്ലച്ചും ജനറേറ്ററും കംപ്യൂട്ടറൈസ്‌ഡ്‌ കണ്‍ട്രോള്‍ സിസ്റ്റവുമൊക്കെയുണ്ട്‌ ഈ ബെല്‍റ്റില്‍. ഈ ബെല്‍റ്റ്‌ രണ്ടു കാല്‍മുട്ടിലും ഘടിപ്പിച്ചു നടക്കുകയോ ഓടുകയോ ചെയ്‌തോളൂ. അഞ്ചു വാട്ട്‌ വൈദ്യുതി വരെ ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാം. ഇതുപയോഗിച്ച്‌ സെല്‍ ഫോണ്‍ മാത്രമല്ല കംപ്യൂട്ടറും പ്രവര്‍ത്തിപ്പിക്കാം. ആദ്യഘട്ടത്തില്‍ കനേഡിയന്‍ പട്ടാളക്കാരില്‍ ഇതു പരീക്ഷിക്കാനാണു ഗവേഷകര്‍ ലക്ഷ്യമിടുന്നത്‌. കാന്തങ്ങളും മെറ്റല്‍ ‍കോയിലുകളുമൊക്കെയടങ്ങിയ മറ്റൊരു സംവിധാനത്തിലൂടെ വൈദ്യുതിയുല്‍പാദിപ്പിച്ചു സെല്‍ഫോണ്‍ ചാര്‍ജ്‌ ചെയ്യാമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഇഡാഹോയിലെ M2E പവര്‍ Inc. ഗവേഷകര്‍. ഫാരഡെയുടെ ഇന്‍ഡക്ഷന്‍ നിയമമനുസരിച്ചാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. ബെല്‍റ്റില്‍ ഘടിപ്പിക്കാന്‍ കഴിയും ഈ സംവിധാനം. നടക്കുമ്പോള്‍ കാന്തിക ക്ഷേത്രത്തില്‍ കോയിലിന്റെ ചലനം വൈദ്യുതിയുണ്ടാക്കും. ഇത്‌ അള്‍ട്രാഫില്‍ട്ടര്‍ കപ്പാസിറ്ററുകളിലേക്കു കൈമാറ്റം ചെയ്യും. ഈ വൈദ്യുതിയുപയോഗിച്ചു ഫോണിന്റെ ബാറ്ററി ചാര്‍ജ്‌ ചെയ്യാം. ശരീരത്തില്‍ ഘടിപ്പിക്കുന്ന കുഞ്ഞു ജനറേറ്ററുകളിലൂടെ ഊര്‍ജം കൊയ്‌തെടുക്കുന്ന നാളുകളാണു വരുന്നത്‌. ഊര്‍ജ പ്രതിസന്ധിക്കും ചെറിയ ഒരാശ്വാസം.

Tuesday, October 7, 2008

ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ - പുത്തന്‍ ഊര്‍ജ സ്രോതസ്‌

കടുത്ത ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ വഴിയെന്തെന്നു ലോകം തലപുകഞ്ഞാലോചിക്കുമ്പോള്‍ ഒരു പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ നോര്‍വെ. അതാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ (Osmotic Power Plant). സമുദ്രജലവും ശുദ്ധജലവും തമ്മിലുള്ള മര്‍ദവ്യത്യാസമാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റില്‍ വൈദ്യുതിയുല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്‌. ഒരു ലായകത്തിന്റെയും ലായിനിയുടെയും ഇടയില്‍ ഒരു അര്‍ധതാര്യസ്‌തരം വച്ചാല്‍ ലായകത്തിന്റെ തന്മാത്രകള്‍ ഈ അര്‍ധതാര്യസ്‌തരത്തിലൂടെ ലയിനിയിലേക്കു കടക്കും. ഈ പ്രവര്‍ത്തനമാണ്‌ ഓസ്‌മോസിസ്‌. ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തന തത്വവും ഇതുതന്നെ. പ്ലാന്റില്‍ ശുദ്ധജലവും സമുദ്രജലവും ഒരു അര്‍ധതാര്യസ്‌തരം കൊണ്ട്‌ വേര്‍തിരിക്കുമ്പോള്‍ ശുദ്ധജലം സമുദ്രജലത്തിന്റെ ഭാഗത്തേക്കൊഴുകാന്‍ തുടങ്ങും. ഫലമോ? സമുദ്രജലത്തിന്റെ ഭാഗത്തു മര്‍ദം വര്‍ധിക്കും. ഇങ്ങനെ വര്‍ധിച്ച മര്‍ദം ഉപയോഗിച്ച്‌ ടര്‍ബൈന്‍ കറക്കി വൈദ്യുതിയുണ്ടാകും. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടകയോ മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യാത്ത ഗ്രീന്‍, ക്ലീന്‍ ഊര്‍ജസ്രോതസാണിത്‌. നോര്‍വീജിയന്‍ എനര്‍ജി ഗ്രൂപ്പായ Stat Kraft പറയുന്നതനുസരിച്ച്‌ ലോകമെങ്ങും 1600 ടെട്രാവാട്ട്‌ അവേഴ്‌സ്‌ (Twh) വൈദ്യുതി ഈ മാര്‍ഗത്തിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.