Wednesday, October 8, 2008

നടന്നോളൂ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം

ഇനി സെല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍ പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി ധൈര്യമായി സെല്‍ഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു സാരം.
ബ്രിട്ടീഷ്‌ കൊളംബിയയിലെ Sumair Fracer യൂണിവേഴ്‌സിറ്റി ഗവേഷകരാണ്‌ മനുഷ്യന്റെ സന്ധികളുടെ ചലനങ്ങളില്‍ നിന്ന്‌ ഊര്‍ജം കൊയ്‌തെടുക്കാനുള്ള മാര്‍ഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. അലുമിനിയവും സ്റ്റീലും കൊണ്ട്‌ നിര്‍മിച്ച ഒരു ബെല്‍റ്റാണ്‌ ഈ ഉപകരണം. ചെറിയ ഗിയറും ക്ലച്ചും ജനറേറ്ററും കംപ്യൂട്ടറൈസ്‌ഡ്‌ കണ്‍ട്രോള്‍ സിസ്റ്റവുമൊക്കെയുണ്ട്‌ ഈ ബെല്‍റ്റില്‍. ഈ ബെല്‍റ്റ്‌ രണ്ടു കാല്‍മുട്ടിലും ഘടിപ്പിച്ചു നടക്കുകയോ ഓടുകയോ ചെയ്‌തോളൂ. അഞ്ചു വാട്ട്‌ വൈദ്യുതി വരെ ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാം. ഇതുപയോഗിച്ച്‌ സെല്‍ ഫോണ്‍ മാത്രമല്ല കംപ്യൂട്ടറും പ്രവര്‍ത്തിപ്പിക്കാം. ആദ്യഘട്ടത്തില്‍ കനേഡിയന്‍ പട്ടാളക്കാരില്‍ ഇതു പരീക്ഷിക്കാനാണു ഗവേഷകര്‍ ലക്ഷ്യമിടുന്നത്‌. കാന്തങ്ങളും മെറ്റല്‍ ‍കോയിലുകളുമൊക്കെയടങ്ങിയ മറ്റൊരു സംവിധാനത്തിലൂടെ വൈദ്യുതിയുല്‍പാദിപ്പിച്ചു സെല്‍ഫോണ്‍ ചാര്‍ജ്‌ ചെയ്യാമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഇഡാഹോയിലെ M2E പവര്‍ Inc. ഗവേഷകര്‍. ഫാരഡെയുടെ ഇന്‍ഡക്ഷന്‍ നിയമമനുസരിച്ചാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. ബെല്‍റ്റില്‍ ഘടിപ്പിക്കാന്‍ കഴിയും ഈ സംവിധാനം. നടക്കുമ്പോള്‍ കാന്തിക ക്ഷേത്രത്തില്‍ കോയിലിന്റെ ചലനം വൈദ്യുതിയുണ്ടാക്കും. ഇത്‌ അള്‍ട്രാഫില്‍ട്ടര്‍ കപ്പാസിറ്ററുകളിലേക്കു കൈമാറ്റം ചെയ്യും. ഈ വൈദ്യുതിയുപയോഗിച്ചു ഫോണിന്റെ ബാറ്ററി ചാര്‍ജ്‌ ചെയ്യാം. ശരീരത്തില്‍ ഘടിപ്പിക്കുന്ന കുഞ്ഞു ജനറേറ്ററുകളിലൂടെ ഊര്‍ജം കൊയ്‌തെടുക്കുന്ന നാളുകളാണു വരുന്നത്‌. ഊര്‍ജ പ്രതിസന്ധിക്കും ചെറിയ ഒരാശ്വാസം.

3 comments:

സീമ ശ്രീലയം said...

ഊര്‍ജം കൊയ്‌തെടുക്കുന്ന നാളുകളാണു
വരുന്നത്

Joker said...

Thanks

ശ്രുതസോമ said...

സീമയെപ്പറ്റി മുൻപേ കേട്ടിട്ടുണ്ട്.
ഇവിടെ കാണാൻ സാധിച്ചതിൽ സന്തോഷം!
പോസ്റ്റ് നന്നായിരിക്കുന്നു.
എഴുതിയുള്ള ശീലം പ്രത്യേകം ഭാഷയിൽ അറിയാനുണ്ട്!